കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ സിപിഎമ്മിനെതിരെ കടന്നാക്രമണം നടത്തി കെപിസിസി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മതേതര സഖ്യത്തിന് സിപിഎം വിലങ്ങുതടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

"മതേതര സഖ്യത്തിന് വിലങ്ങു തടി ആയതിൽ സിപിഎം മാപ്പ് പറയണം. ലോക്സഭ തെരെഞ്ഞെടുപ്പിൽ രാഹുൽ മുൻ കൈ എടുത്ത മതേതര സഖ്യം തകർത്തത് കേരള മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളാണ്. ഇതിന് ആദ്യം മാപ്പ് പറയണം. എന്നിട്ടാവാം ഒന്നിച്ചുള്ള സമരം," എന്ന് മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ ചിലവിൽ മനുഷ്യ ചങ്ങല തീര്‍ക്കാൻ തങ്ങളില്ലെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ കേരളത്തിൽ ലോങ്ങ് മാർച്ചുകൾ നടത്തും. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രതിഷേധങ്ങൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ നേതൃത്വം നൽകും. വലിയ പ്രതിഷേധങ്ങളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ജനമുന്നേറ്റ സംഗമമാണ് ഇന്ന് നടക്കുന്നത്. കാസര്‍കോട് ഈ പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷനാണ് നേതൃത്വം നൽകിയത്. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെപിസിസി അധ്യക്ഷന്റെ ഈ പരാമര്‍ശങ്ങൾ.

ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്ന് നേരത്തെ കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എന്നാൽ സംയുക്ത സമരത്തെ അനുകൂലിച്ച് ഉമ്മൻചാണ്ടിയും മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറും പികെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നതോടെയാണ് ഇദ്ദേഹം തന്റെ മുൻനിലപാട് തിരുത്തിയത്.