തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ രേഖകൾ പരാതിക്കാരിയുടെ കുടുംബം പുറത്തുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാർമ്മികത ഉണ്ടെങ്കിൽ വിഷയത്തിൽ സമ​ഗ്ര അന്വേഷണത്തിന് സിപിഎം തയ്യാറാകണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

ബിനോയ് വിഷയം പാർട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബിനോയ് കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് കോടിയേരി ബാലകൃഷ്ണന്‍. തനിക്ക് നേരെയുണ്ടായ ആരോപണങ്ങളും കേസും നേരിടുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യേണ്ട ബാധ്യത ബിനോയിക്കാണെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒന്നും തന്നെ ചെയ്യാനില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ബിനോയ്ക്കെതിരെയുള്ള ആരോപണം വ്യക്തിപരം മാത്രമാണെന്നും എൽഡിഎഫിനെ അത് ഒരിക്കലും ബാധിക്കില്ലെന്നും  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.

അതേസമയം ബിനോയ്ക്കെതിരെ ഒരോരോ തെളിവുകളായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് യുവതിയുടെ കുടുംബം. യുവതിയുടെ ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് അവസാനമായി യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു. 

നേരത്തെ പൊലീസിന് കൈമാറിയ രേഖയാണ് ഇപ്പോള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടത്. 2009 മുതൽ 2015വരെ ബിനോയ് തനിക്ക് പണം തന്നിരുന്നു എന്നായിരുന്നു യുവതിയുടെ മൊഴി. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാസ്പോർട്ടിന്റെ പകർപ്പും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. 

ഒളിവിലുള്ള ബിനോയ്ക്കായി പൊലീസ് തിരച്ചിൽ തുടരുന്നുണ്ടെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുംവരെ ലുക്കൗട്ട് നോട്ടീസിറക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസുള്ളത്. നാളെയാണ് മുംബൈ സെഷൻസ് കോടതി ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുക.