Asianet News MalayalamAsianet News Malayalam

KPCC | പുനഃസംഘടനയുമായി മുന്നോട്ട് പോകും, ബാക്കിയൊക്കെ പിന്നെ, ഉറച്ച് സുധാകരൻ

ഇപ്പോൾ വിമർശനമുന്നയിക്കുന്നവരും കെട്ടിയിറക്കപ്പെട്ടവർ തന്നെയല്ലേ എന്ന് സുധാകരൻ ചോദിക്കുന്നു. നോമിനേഷനിലൂടെയല്ലേ അവരും വന്നത്? അവർക്കിത് പറയാനുള്ള യോഗ്യതയുണ്ടോ? എന്ന് സുധാകരൻ. 

kpcc reorganisation process will continue says k sudhakaran
Author
Thiruvananthapuram, First Published Nov 4, 2021, 10:48 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയിൽ അന്തിമതീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. തെരഞ്ഞെടുപ്പ് നടത്തുന്നത് എഐസിസിയാണ്. സംഘടമാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും കെ സുധാകരൻ പറഞ്ഞു. 

അതേസമയം, പുനഃസംഘടന നിർത്തിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗ്രൂപ്പ് നേതാക്കളും. കെ സുധാകരൻ പൊതുവികാരം അംഗീകരിക്കണം എന്നാണവർ പറയുന്നത്. ഇല്ലെങ്കിൽ ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം. 

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന വേണ്ടെന്ന് കെപിസിസി യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്പോരിന് വഴി വച്ചു. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന ഒറ്റവാദത്തിലുറച്ചു നിന്നു യോഗത്തിൽ സുധാകരൻ. യൂണിറ്റ് കമ്മറ്റികൾ കെ എസ് ബ്രിഗേഡെന്ന് ബെന്നി ബെഹനാൻ ഗുരുതര ആരോപണമടക്കം ഉന്നയിച്ചപ്പോൾ പിണറായിയോട് സംസാരിക്കുന്ന രീതിയിൽ തന്നോട് സംസാരിക്കണ്ട എന്നായിരുന്നു സുധാകരൻ തിരിച്ചടിച്ചത്. 

പുനഃസംഘടന അനിവാര്യമല്ലെന്ന് കെപിസിസി യോഗത്തിന്‍റെ ആദ്യദിനം ചിലർ അഭിപ്രായം പറഞ്ഞതായി സുധാകരൻ സമ്മതിക്കുന്നു. എന്നാൽ നിർവാഹകസമിതിയിൽ 14 ഡിസിസി പ്രസിഡന്‍റുമാരും പുനഃസംഘടന വേണമെന്ന് നിലപാടെടുത്തു. അതിന്‍റെ അടിസ്ഥാനത്തിൽ പുനഃസംഘടനയുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. ഹൈക്കമാൻഡ് പുനഃസംഘടന നടത്താൻ നിർദേശിച്ചിട്ടുണ്ട്. അതുമായി മുന്നോട്ടുപോകും. ഒപ്പം അംഗത്വവിതരണവും നടത്തുമെന്നും സുധാകരൻ ഉറപ്പിച്ച് പറയുന്നു. 

സുധാകരൻ പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികൾ കെ എസ് ബ്രിഗേഡെന്നാണ് യോഗത്തിൽ ബെന്നി ബെഹനാൻ ആരോപിച്ചത്. എന്നാൽ യൂണിറ്റ് കമ്മിറ്റികളുണ്ടാക്കിയ തീരുമാനം മറ്റ് പല സംസ്ഥാനങ്ങളും വളരെ താത്പര്യത്തോടെയാണ് കാണുന്നതെന്നും, അവരും ഈ മാതൃക പിന്തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുണിറ്റ് കമ്മിറ്റികളെന്നത് വർക്കിംഗ് അറേഞ്ച് മെന്‍റാണ്. ബൂത്ത് കമ്മിറ്റി അംഗങ്ങളാണ് യൂണിറ്റിലുള്ളത്. കെ എസ് ബ്രിഗേഡ് എന്നത് സോഷ്യൽ ഗ്രൂപ്പാണ്. 39 രാജ്യങ്ങളിലാണ് അത് പ്രവർത്തിക്കുന്നത്. സിയുസി എന്തെന്ന് പഠിക്കാത്തവരാണ് യൂണിറ്റ് കമ്മിറ്റികളെ വിമർശിക്കുന്നത് - സുധാകരൻ പറഞ്ഞു. 

പുതിയ പുനഃസംഘടനയിൽ ഗ്രൂപ്പ് മാനേജർമാർക്ക് ആശങ്കയുണ്ടാകാം. അവരുടെ താത്പര്യം സംരക്ഷിക്കലല്ല തന്‍റെ പണി - സുധാകരൻ തുറന്നടിക്കുന്നു. 

ഇപ്പോൾ വിമർശനമുന്നയിക്കുന്നവരും കെട്ടിയിറക്കപ്പെട്ടവർ തന്നെയല്ലേ എന്ന് സുധാകരൻ ചോദിക്കുന്നു. നോമിനേഷനിലൂടെയല്ലേ അവരും വന്നത്? അവർക്കിത് പറയാനുള്ള യോഗ്യതയുണ്ടോ? സുധാകരൻ ചോദിക്കുന്നു.

പാർട്ടിക്ക് അകത്ത് നിന്ന് വാർത്ത ചോർത്തിക്കൊടുക്കുന്ന രീതി നിർത്തണമെന്ന് സുധാകരൻ പറയുന്നു. ആരാണ് വാർത്ത ചോർത്തുന്നതെന്ന് കണ്ടുപിടിച്ച് നടപടിയെടുക്കും. സോഷ്യൽ മീഡിയയിലൂടെ നേതാക്കളെ മോശമാക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. 

സമരത്തിൽ പങ്കെടുത്ത് കേസിൽ പെടുന്ന പാർട്ടി പ്രവർത്തകർക്ക് നിയമ സഹായം നൽകുന്നതിന് ജില്ലകളിൽ ലീഗൽ എയ്ഡ് സെല്ലുകൾ രൂപീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. 

പുനഃസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ, ചൊവ്വാഴ്ച നടന്ന ആദ്യയോഗത്തിൽ താരീഖ് അൻവറിന്‍റെയും കെ സി വേണുഗോപാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു ഗ്രൂപ്പ് നേതാക്കളും സുധാകരനുമായുള്ള നേർക്കുനേർ ഏറ്റുമുട്ടൽ. പുതിയ ജനറൽസെക്രട്ടറിമാരും വൈസ് പ്രസിഡന്‍റുമാരും ചുമതല ഏൽക്കാനെത്തിയ യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ലക്ഷ്യമിട്ടത് കെ സുധാകരനെയെന്ന് വ്യക്തമായിരുന്നു. 

സംഘടനാതെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് എ, ഐ ഗ്രൂപ്പുകൾ കൈകോർത്തായിരുന്നു കെപിസിസി അധ്യക്ഷനെ കടന്നാക്രമിച്ചത്. പ്രസിഡന്‍റ് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന വേണ്ടെന്ന് പറഞ്ഞ് ആദ്യം വെടി പൊട്ടിച്ചത് കെ ബാബു. കെ സി ജോസഫ്, ബെന്നി ബഹന്നാൻ എന്നിവർ പിന്തുണയുമായെത്തി. ബൂത്തിന് താഴെ യൂണിറ്റ് കമ്മിറ്റികളിലും അംഗത്വവിതരണം നടത്തുന്നതിനെ ഗ്രൂപ്പ് നേതാക്കൾ ശക്തമായി എതിർക്കുകയും ചെയ്തു. എല്ലാ എതിർപ്പുകൾക്കിടയിലും പുനഃസംഘടനയുമായി ശക്തമായി മുന്നോട്ട് പോകാൻ തന്നെയാണ് സുധാകരന്‍റെ തീരുമാനമെന്ന് വ്യക്തമാണ്. 

Follow Us:
Download App:
  • android
  • ios