Asianet News MalayalamAsianet News Malayalam

കെപിസിസി പുന:സംഘടന ഒക്ടോബർ പത്തിനകം; എട്ടിന് നേതാക്കൾ ദില്ലിക്ക്

 ഒക്ടോബർ 8നു കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും ദില്ലിക്കു പോകും. 9,10 തിയ്യതികളിൽ ദില്ലിയിൽ ചർച്ച നടക്കും.
 

kpcc reorganization by october 10
Author
Thiruvananthapuram, First Published Sep 29, 2021, 9:53 PM IST

തിരുവനന്തപുരം: കെപിസിസി പുന:സംഘടന ഒക്ടോബർ 10 നുള്ളിൽ പൂർത്തിയാക്കും. ഒക്ടോബർ 8നു കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും ദില്ലിക്കു പോകും. 9,10 തിയ്യതികളിൽ ദില്ലിയിൽ ചർച്ച നടക്കും.

അതിനിടെ, രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് കോൺ​ഗ്രസ് നേതാക്കളുടെ യോഗം ചേർന്നു. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്തു. ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കരുത് എന്ന് നേതാക്കൾക്ക് രാഹുൽ നിർദ്ദേശം നൽകി. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണം. മെറിറ്റിന് ആണ് മുൻഗണന എന്നും പരാതികൾ ഉണ്ടെങ്കിൽ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാൻ മടിക്കരുത് എന്നും രാഹുൽ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും യോഗത്തിൽ പങ്കെടുത്തു. 

സംസ്ഥാന കോൺഗ്രസ്സിൽ തുടർച്ചയായുണ്ടാകുന്ന പ്രശ്നങ്ങളിൽ കോൺ​ഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിരുന്നു. പുന:സംഘടനയിലടക്കം എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് കെ പി സി സി നേതൃത്വത്തിന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശം നൽകിയിരുന്നു. അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂർണ്ണ സ്വാതന്ത്ര്യം നൽകിയ നടപടിയിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് പോകാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മുതിർന്നവരെ വെട്ടി, മാറ്റത്തിനായി പുതുനേതൃത്വത്തിന് കൈകൊടുത്ത ഹൈക്കമാൻഡ് ആകെ വെട്ടിലായ അവസ്ഥയിലാണ്. കെഎസ്-വിഡി ദ്വയം അധികാരമേറ്റത് മുതൽ തുടങ്ങിയ പരാതിയും പ്രശ്നങ്ങളും ഓരോ ദിവസവും തീരുന്നില്ലെന്ന് മാത്രമല്ല, രൂക്ഷമാകുകയുമാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി ഓരോ നേതാക്കൾക്കും ഉള്ളത് ഓരോ പ്രശ്നങ്ങൾ. പക്ഷെ പൊതുവിലുയരുന്ന വിമർശനം നേതൃത്വത്തിന്റെ ഏകാധിപത്യശൈലിക്കെതിരെയാണ്. ഒപ്പമുള്ളവരെ ഡിസിസി പുന:സംഘടനയിൽ അവഗണിച്ചതിലായിരുന്നു ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും അമർഷം. സൈബ‍ർ യുദ്ധം നടത്തി പ്രസിഡണ്ട് സ്ഥാനത്തുനിന്നും ഇറക്കിയതിൽ തുടങ്ങി ഡിസിസി പുനസംഘടനാ ചർച്ചക്ക് 20 മിനുട്ട് സ്ലോട്ട് തന്നതിലടക്കമാണ് മുല്ലപ്പള്ളിയുടെ രോഷം. ചർച്ചയില്ലാത്തതും പ്രവർത്തകസമിതിയിൽ പരിഗണിക്കാത്തതുമാണ് സുധീരന്റെ പ്രശ്നം. മുതിർന്ന നേതാക്കളുടെ പരാതികൾ ആദ്യഘട്ടത്തിൽ തള്ളിയ എഐസിസിക്കും ഇപ്പോൾ സംസ്ഥാന നേതൃത്വത്തിൻറെ ശൈലിയിൽ സംശയങ്ങളുണ്ട്. ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികൾ താരിഖ് അൻവർ റിപ്പോർട്ടായി ദില്ലിക്ക് കൈമാറും.

സെമികേഡറാകാനുള്ള മാർഗ്ഗരേഖ രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്യാതിരുന്നതും അച്ചടക്കം അടിച്ചേല്പിക്കാൻ ശ്രമിച്ചതും ഗ്രൂപ്പിന്റെ
പേരിൽ മുതിർന്നവരെ തഴഞ്ഞതുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്. കെപിസിസിക്ക് പൂർണ്ണ പിന്തുണ നൽകിയ കെസി വേണുഗോപാലും സമ്മർദ്ദത്തിലായി. ഫലത്തിൽ ഇനി കാര്യങ്ങൾ സുധാകരനും സതീശനും എളുപ്പം തീരുമാനിക്കാനാകില്ല. എല്ലാവരെയും കേട്ട് മുന്നോട്ട് പോകണമെനനാണ് താരിഖ് അൻവർ നൽകിയ നിർദ്ദേശം.

Follow Us:
Download App:
  • android
  • ios