ദേശാഭിമാനി ലേഖന വിവാദത്തിൽ നടപടി. ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ ആർ അജയനെ മാറ്റി. ടി ചന്ദ്ര മോഹനാണ് പകരം ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു.
തിരുവനന്തപുരം: ദേശാഭിമാനി ലേഖന വിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ ആർ അജയനെ മാറ്റി. ടി ചന്ദ്ര മോഹനാണ് പകരം ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻറ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ദേശാഭിമാനി മുക്കിയ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ പ്രസിദ്ധീകരിച്ചിരുന്നു. കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന അതേ തലക്കെട്ടിൽ തന്നെയാണ് ദേശാഭിമാനിക്ക് വേണ്ടി എഴുതിയ ടിസി രാജേഷ് ലേഖനം ഫേസ് ബുക്കിലിട്ടത്. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായതൊന്നുമില്ല. എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ട് മാറ്റാനാവശ്യപ്പെട്ടതിൻ്റെ പേരിലെ തർക്കമാണ് സപ്ലിമെൻ്റ് മുടങ്ങലിലേക്ക് എത്തിയത്.
ലേഖനത്തിന് പറ്റിയ തലക്കെട്ട് കള്ളൻ വിജയൻ എന്ന് തന്നെയാണെന്നായിരുന്നു വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ്റെ നിലപാട്. റസിഡറ്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനും സമാന മറുപടിയാണ് അജയൻ നൽകിയത്. പുറത്തെല്ലാം നിഷേധിക്കുമ്പോഴും സൺഡേ സപ്ലിമെന്റ് പിൻവലിച്ച പ്രശ്നം പാർട്ടിക്കകത്ത് നീറുകയാണ്. കേന്ദ്ര കമ്മിറ്റി അംഗമായ പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് റസിഡന്‍റ് എഡിറ്ററുമായിരിക്കെ ദേശാഭിമാനിയിൽ നയപരമായ നോട്ടക്കുറവ് ഉണ്ടെന്ന വിമർശനം ശക്തമാണ്. ഒരു സാധാരണ തലക്കെട്ട് വളച്ചൊടിച്ച് വിവാദമാക്കിയെന്ന് മാത്രമല്ല പാർട്ടിക്കും പത്രത്തിനും കേടില്ലാത്ത വിധത്തിൽ അതിനെ കൈകാര്യം ചെയ്യാനും കഴിയാത്തതിലാണ് അതൃപ്തി.

