ഇന്ന് രാവിലെയാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് കെഎസ്ബിഎ തങ്ങൾ തോക്കുമായി പിടിയിലായത്. 

കോയമ്പത്തൂർ: വിമാനത്താവളത്തിൽവച്ച് തോക്കുമായി അറസ്റ്റിലായ കോൺ​ഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോയമ്പത്തൂ‍ർ മജിസ്ട്രേറ്റാണ് തങ്ങളെ റിമാൻഡ് ചെയ്തത്. തങ്ങളെ തമിഴ്നാട് പൊലീസ് പൊളാച്ചി സബ് ജയിലിലേക്ക് മാറ്റും. 

ഇന്ന് രാവിലെയാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് കെഎസ്ബിഎ തങ്ങൾ തോക്കുമായി പിടിയിലായത്. പാലക്കാട് ഡിസിസി വൈസ് പ്രസിഡൻ്റായ കെഎസ്ബിഎ തങ്ങളുടെ അറസ്റ്റ് കോയമ്പത്തൂർ പീളെ മേട് പൊലീസാണ് രേഖപ്പെടുത്തിയത്. അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. ജാമ്യാപേക്ഷയുമായി നാളെ കോടതിയെ സമീപിക്കുമെന്ന് കെഎസ്ബിഎ തങ്ങളുടെ അഭിഭാഷകൻ പറഞ്ഞു.

കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് തോക്കും ഏഴു തിരകളുമായി രാവിലെ പിടിയിലായ KSBA തങ്ങളെ സിഐഎസ്എഫ് പിളെമേട് പൊലീസിന് കൈമാറിയിരുന്നു. കോയമ്പത്തൂർ ഈസ്റ്റ് അസിസ്റ്റൻ്റ് കമ്മീഷ്ണർ അരുണിൻ്റെ നേതൃത്വത്തിൽ തങ്ങളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് രാത്രിയോടെ കോയമ്പത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ കെഎസ്ബിഎ തങ്ങളെ ഹാജരാക്കുകയായിരുന്നു.

ഇന്ന് പുലർച്ചെയാണ് ബംഗലൂരുവിലേക്ക് പോകാനായി തങ്ങൾ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്. ബാഗിനുള്ളിൽ കണ്ടെത്തിയ തോക്ക് 80 വർഷത്തിലേറെ പഴക്കമുള്ളതും തൻ്റെ പിതാവ് ഉപയോഗിച്ചതായിരുന്നു എന്നുമാണ് തങ്ങൾ മൊഴി നൽകിയത്. യാത്രയ്ക്ക് ഇറങ്ങുമ്പോൾ തോക്ക് സൂക്ഷിച്ച ബാഗിൽ വസ്ത്രങ്ങൾ അബദ്ധത്തിൽ എടുത്തു വയ്ക്കുകയായിരുന്നു. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ല. അതിനിടെ തങ്ങൾക്കെതിരെ ഗൂണ്ടാ ആക്ട് ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സമഗ്രാന്വേഷണമാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി.