കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകർ തയ്യാറാക്കിയ വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ പാടി അവസാനിപ്പിച്ചു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലേക്ക് മുഖ്യമന്ത്രി എത്തും മുൻപ് തന്നെ അവതാരകർ അണിനിരന്ന് ഗാനാലാപനം തുടങ്ങിയിരുന്നു. പിന്നീട് മുഖ്യമന്ത്രി വേദിയിലേക്ക് വരുമ്പോഴും ഇത് തുടർന്നു. മുഖ്യമന്ത്രി സദസിൻ്റെ പുറകിൽ നിന്ന് നടന്ന് വേദിയിലെ കസേരയിൽ വന്നിരുന്ന ശേഷവും തുടർന്ന ഗാനാലാപനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് അവസാനിപ്പിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേർ ചേർന്നാണ് ഗാനം ആലപിച്ചത്.

