മലപ്പുറം: മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചു. കുടിശ്ശിക അടക്കാനുണ്ടെന്ന് കാണിച്ചാണ് ഫ്യൂസ് ഊരിയത്. എസ്എസ്എല്‍സി പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കെഎസ്ഇബിയുടെ നടപടി. 37068 രൂപയാണ് ഡിഡിഇ ഓഫീസ് അടക്കാനുണ്ടായിരുന്നത്. ഇതില്‍ 20000 രൂപ ജീവനക്കാർ പിരിവെടുത്ത് അടച്ചിരുന്നു. ബാക്കിയുള്ള 17068 രൂപ അടക്കാൻ ഫണ്ടില്ലായിരുന്നെന്ന് ഡിഡിഇ പറയുന്നു.

പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ ഫ്യൂസ് ഊരരുതെന്ന് കാണിച്ച് ഡിഡിഇ, കെഎസ്ഇബിക്ക് കത്തയച്ചിരുന്നു. എന്നാൽ ഉച്ചയോടെ ഉദ്യോഗസ്ഥർ വന്ന് വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. തുക അനുവദിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകിയിട്ടും നടപടിയായില്ലെന്ന് കാണിച്ചാണ് കെഎസ്ഇബിക്ക് കത്ത് നൽകിയത്. പരീക്ഷ തിരക്കുകൾക്കിടയിൽ വൈദ്യുതിയില്ലാത്തത് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.