Exclusive : ഇൻകൽ സോളാർ പദ്ധതിയുടെ മറവിൽ വന്‍ അഴിമതി; കെഎസ്ഇബിക്ക് നഷ്ടം 11 കോടി
തന്‍റെ വ്യാജ ഒപ്പിട്ട് സ്വകാര്യ കമ്പനിക്ക് ഉപകരാർ കൊടുത്തതിൽ ഉന്നത തല അന്വേഷണം വേണമെന്ന് ഇൻകെൽ മുൻ എംഡി വേണുഗോപാൽ ആവശ്യപ്പെട്ടു.

കൊച്ചി: ഇൻകലിൽ നടന്ന കറന്‍റ് കോഴയ്ക്ക് കെഎസ്ഇബിയുടെയും മൗനസമ്മതം. മൂന്ന് വർഷമായി ഇൻകൽ കരാർ ലംഘനം നടത്തിയിട്ടും കോഴ ഇടപാട് പുറത്തുവന്നിട്ടും കെഎസ്ഇബി ഇടപെട്ടില്ല. അഴിമതിയെ തുടര്‍ന്ന് 11 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടം. തന്‍റെ വ്യാജ ഒപ്പിട്ട് സ്വകാര്യ കമ്പനിക്ക് ഉപകരാർ കൊടുത്തതിൽ ഉന്നത തല അന്വേഷണം വേണമെന്ന് ഇൻകെൽ മുൻ എംഡി വേണുഗോപാൽ ആവശ്യപ്പെട്ടു.
2020 ജനുവരി 15നാണ് കെഎസ്ഇബി ഇൻകലുമായി കരാർ ഒപ്പിടുന്നത്. കോഴ ഇടപാടിൽ ഇപ്പോൾ സസ്പെൻഷൻ നേരിടുന്ന ജനറല്‍ മാനേജര്‍ സാംറൂഫസാണ് ഇൻകലിന് വേണ്ടി കെഎസ്ഇബിയുമായി അന്ന് കരാർ ഒപ്പിടുന്നത്. മറ്റാർക്കും കൈമാറാതെ 8മെഗാവാട്ട് പദ്ധതി ഇൻകൽ തന്നെ പൂർത്തിയാക്കണമെന്നാണ് ഉടമ്പടി. ഈ കരാർ ഒപ്പിട്ട് ആറാം മാസമാണ് ഇതിൽ ഏഴ് മെഗാവാട്ട് സൗരോർജ്ജ പദ്ധതി ഇൻകൽ തമിഴ്നാട് കമ്പനിക്ക് ഉപകരാറായി മറിച്ച് വിൽക്കുന്നത്. കരാറിലെ ആറാം പേജിൽ ആർട്ടിക്കിൾ എട്ടിന്‍റെ ലംഘനം നടന്നു. മൂന്ന് കൊല്ലമായി കഞ്ചിക്കോടും, ബ്രഹ്മപുരത്തും കെഎസ്ഇബിയുടെ സ്വന്തം ഭൂമിയിൽ റിച്ച് ഫൈറ്റോക്കെയർ പ്ലാന്‍റ് പ്രവർത്തിപ്പിക്കുമ്പോഴും കെഎസ്ഇബി അനങ്ങിയില്ല.
കോഴയായി പൊതുപണം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി പോയതാണ്. അന്നും വൈദ്യുതി വകുപ്പ് കരാർ റദ്ദാക്കിയില്ല. കള്ളക്കരാറിലും കോഴയിലും ഇൻകലിനെ കരിമ്പട്ടികയിൽ പെടുത്തേണ്ട കുറ്റകൃത്യത്തിൽ മൂന്ന് കൊല്ലമായി ഇൻകലിന് സംരക്ഷണം.വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്ത കൃഷ്ണകുട്ടിയുടെ സ്വന്തം ജില്ലയിലെ സോളാർ പാടമാണ് പിന്നീട് കോടികൾ കൊയ്യുന്ന കോഴപ്പാടമായി മാറിയത്. തമിഴ്നാട് കമ്പനി റിച്ച് ഫൈറ്റോകെയറുമായി ഇൻകെൽ ഉപകരാർ ഒപ്പിടുന്നത് 2020 ജൂണ്‍ 15നാണ്. എന്നാൽ ഈ കരാറിൽ ഒപ്പിട്ടതായി കാണുന്നത് മുൻ എം ഡി കെ വേണുഗോലിന്റെ പേരാണ്. എന്നാല്‍ കരാർ ഒപ്പിട്ടത് താനല്ലെന്നും തന്‍റെ കള്ള ഒപ്പാണ് കരാറിലുള്ളതെന്നും വേണുഗോപാൽ വെളിപ്പെടുത്തിയിട്ടും ഇൻകലിനെതിരെ അന്വേഷണമില്ല.
Also Read: 'തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകം'; ഇന്ത്യ-കാനഡ പ്രതിസന്ധിയിൽ ഇടപെട്ട് അമേരിക്ക
ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ ഇൻകൽ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണവും ഇഴയുകയാണ്. ഇന്നലെ വരെ കമ്മീഷനിക്കാൻ കൂട്ട് നിന്നവർ ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറി അന്വേഷിക്കേണ്ട ഇൻകലിന്‍റെ ആഭ്യന്തരകാര്യമല്ല ഈ കറണ്ട് കോഴ. വ്യാജ ഒപ്പിൽ ഫോറൻസിക്ക് പരിശോധന വേണം പൊതു പണം നഷ്ടപ്പെട്ടതിൽ വിജിലൻസ് അന്വേഷണവും.
ഇന്‍കലില്‍ നടന്ന കറന്റ് കോഴക്ക് കെഎസ്ഇബിയുടെ മൗനസമ്മതം