Asianet News MalayalamAsianet News Malayalam

ചേ‍ർത്തലയിൽ വ്യവസായശാല പൂട്ടിച്ച് കെഎസ്ഇബി: സംരംഭകനും തൊഴിലാളികളും പെരുവഴിയിൽ

നൂറിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സോഫൈൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ഇന്ന് അടച്ചുപൂട്ടിക്കിടക്കുകയാണ്, ലക്ഷങ്ങളാണ് ഉടമയ്ക്ക് നഷ്ടം. 

KSEB Officials closed industrial center in Cherthala
Author
Cherthala, First Published Jul 23, 2021, 8:28 AM IST

ആലപ്പുഴ: കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പിടിവാശിയെ തുടർന്ന് കൊവിഡ് കാലത്ത് അടച്ചുപൂട്ടേണ്ടിവന്ന ഒരു വ്യവസായശാലയുണ്ട് ആലപ്പുഴ ചേർത്തലയിൽ. വൈദ്യുതി കുടിശ്ശികയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചെങ്കിലും താഴെത്തട്ടിൽ തീരുമാനം നടപ്പാകാത്തതിന്റെ് ഇരയാണ് സോഫൈൻ ഇൻഡസ്ട്രീസ് ഉടമ കെ.ജെ. സ്കറിയ. 

നൂറിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സോഫൈൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ഇന്ന് അടച്ചുപൂട്ടിക്കിടക്കുകയാണ്, ലക്ഷങ്ങളാണ് ഉടമയ്ക്ക് നഷ്ടം. മുൻനിര കാറുകളുടെ ഉൾപ്പെടെ വിവിധ തരം മാറ്റുകൾ നിർമിച്ചിരുന്ന സ്ഥാപനമാണിത്. മികച്ച നിലയിൽ ബിസിനസ് പുരോ​ഗമിച്ചതോടെ വിദേശ കയറ്റുമതിക്കയടക്കമുള്ള ബിസിനസ് വിപുലീകരണത്തിന് സ്ഥാപന ഉടമ കെ.ജെ.സ്കറിയ തയ്യാറെടുക്കുമ്പോൾ ആണ് കൊവിഡ് എത്തിയത്. 

വില്പന കുറഞ്ഞെങ്കിലും ഒരുവിധം സ്ഥാപനം പിടിച്ചുനിന്നു. ഇതിനിടെയാണ് നാല് ലക്ഷം രൂപയ്ക്കടുത്ത് വൈദ്യുതി കുടിശ്ശിക വന്നത്. മഹാമാരി കാലത്ത് കുടിശ്ശിക തീർക്കാൻ തവണ വ്യവസ്ഥ ഉൾപ്പെടെ ഇളവ് ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് കേട്ട് ചേർത്തലയിലെ കെഎസ്ഇബി ഓഫീസിലെത്തി സ്കറിയ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് മാത്രമല്ല, വൈദ്യുതി കണക്ഷനും അന്നു തന്നെ വിച്ഛേദിച്ചു.

കുടിശ്ശിക പലിശ സഹിതം അടയ്ക്കാൻ താൻ തയ്യാറാണെന്നും ​ഗഡുകളായോ മറ്റോ അടയ്ക്കാനുള്ള സൗകര്യം വേണമെന്നും സ്കറിയ ആവശ്യപ്പെട്ടു. എന്നാൽ ചേർത്തല എക്സിക്യൂട്ടീവ് എൻജിനീയർക്ക് കുടിശ്ശിക മൊത്തം തീ‍ർക്കണമെന്ന് പിടിവാശിയായിരുന്നു. സ്ഥാപനം തുറക്കാനായി പലവഴിക്കോടിയ സ്കറിയ കൊവിഡ് പൊസിറ്റീവായ സമയത്ത് കെഎസ്ഇബി വൈദ്യുതി കട്ട് ചെയ്തു. 

മാസങ്ങളായി അടച്ചിട്ട ഫാക്ടറിക്കുള്ളിലെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത് നോക്കിനി‌ൽക്കാൻ മാത്രമേ ഇപ്പോൾ സ്കറിയയ്ക്ക് കഴിയുന്നുള്ളൂ. വർഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികളിൽ ചിലർ ഇടയ്ക്ക് എത്തും. എന്നെങ്കിലും ഫാക്ടറി തുറക്കുമെന്ന പ്രതീക്ഷയിൽ...

ജീവിക്കാൻ വേറെ വഴിയൊന്നുമില്ല, ആറ് മാസത്തിലധികമായി ശമ്പളമില്ല, കമ്പനി കണ്ടിട്ട് സങ്കടം വരുന്നു - സ്ഥാപനത്തില തൊഴിലാളിയായ സുരേഷ് കുമാ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈദ്യുതി കുടിശ്ശിക ഇളവുകളോടെ അടയ്ക്കാൻ വഴിതേടി കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരെ ഇപ്പോഴും വിളിക്കുന്നുണ്ട് സ്കറിയ. എന്നാൽ വിളിച്ചാലും ഉദ്യോ​ഗസ്ഥരാരും ഫോൺ എടുക്കാറില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios