തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്ഇബി ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ല. 130 കോടി രൂപ ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും പണം വകമാറ്റി ചെലവഴിച്ചിട്ടില്ല എന്നുമാണ് കെഎസ്ഇബി ചെയര്‍മാന്‍റെ വിശദീകരണം. സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.

സാലറി ചലഞ്ചിന്‍റെ പത്ത് മാസതവണ പൂർത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. 130 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നു. മഹാപ്രളയത്തിനു ശേഷം കെ എസ് ഇ ബിയുടേയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് 50 കോടി കൈമാറിയിരുന്നു. സാലറി ചലഞ്ചിനു മുമ്പാണിത് കൈമാറിയതെന്നും എന്‍ എസ് പിള്ള പറഞ്ഞു.