തിരുവനന്തപുരം: കെഎസ്ഇബിയിലേക്ക് കുടുംബശ്രീ വഴി താത്കാലിക നിയമനം നടത്തിയത് വിവാദമാകുന്നു. 90 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവാക്കുന്നത്. ബോര്‍ഡില്‍ ജീവനക്കാര്‍ അധികമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍റെ വിലയിരുത്തല്‍ നിലവിലുള്ളപ്പോഴാണിത്.

ഡാറ്റ എൻട്രി ഓപ്പറേറ്റര്‍, ഹെല്‍പ്പര്‍ വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 38 പേരെ നിയമിക്കുന്നതിനാണ് കുടുംബശ്രീയുമായി വര്‍ക്ക് ഓര്‍ഡറുണ്ടാക്കിയത്. മെയ് ഒന്ന് മുതല്‍ അടുത്ത വർഷം മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. ഡാറ്റ എൻട്രി ഓപ്പറേറ്റര്‍ക്ക് പ്രതിദിനം 740 രൂപയും ഹൈല്‍പ്പര്‍ക്ക് 645 രൂപയുമാണ് പ്രതിദിന വേതനം. 

വൈദ്യുതി ബോര്‍ഡിലെ സിവില്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയറാണ് കുടുംബശ്രീ കോര്‍ഡിനേറ്റർമാരുമായി വര്‍ക്ക് ഓര്‍ഡര്‍ ഒപ്പിട്ടിരിക്കുന്നത്. താത്കാലിക നിയമനങ്ങള്‍ എപ്ലോയ്മെന്റ് എക്സചേഞ്ച് വഴി വേണമെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് പ്രധാന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ജീവനക്കാരെ കുറക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍റെ നിര്‍ദ്ദേശം നില നില്‍ക്കുമ്പോഴാണ് കെഎസ്ഇബിയിലെ കരാര്‍ നിയമനം നടന്നിരിക്കുന്നത്. 

കുടുംബശ്രീയിലൂടെ സിപിഎം പ്രവര്‍ത്തകരെ വൈദ്യുതി ബോർഡിൽ തിരുകിക്കയറ്റാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ യൂണിയനുകള്‍ ആരോപിച്ചു. നിയമനങ്ങളിൽ അപാകതയില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പുതിയ തസ്തിക അല്ലാത്തതിനാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം വേണമെന്ന ചട്ടം ബാധകമാകില്ല. പുതിയ പ്രോജക്ടുകള്‍ക്കു വേണ്ടിയുള്ള താത്കാലിക സംവിധാനം മാത്രമാണിത്. കുടുംബശ്രീയുമായി നേരത്തേയുള്ള കരാര്‍ നീട്ടുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ബോര്‍ഡ് വിശദീകരിച്ചു.