വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. സ്വമേധയാ തെറ്റ് ഏറ്റുപറയുന്നവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കും, കൂടാതെ മോഷണം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും ഉറപ്പുനൽകുന്നു.

തിരുവനന്തപുരം: വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും കെഎസ്ഇബി പറയുന്നു. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

Add Asianetnews as a Preferred SourcegooglePreferred

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും. വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെ എസ് ഇ ബി പാരിതോഷികം നൽകും. പിഴ തുക പൂർണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കിൽ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങൾ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പറുകളും കെഎസ്ഇബി ഫെയ്സ്ബുക് പോസ്റ്റിൽ പരസ്യപ്പെടുത്തി.