Asianet News MalayalamAsianet News Malayalam

എ.സിയുടെ ഉപയോ​ഗം കൂടി, ഫ്യൂസ് പോകുന്നത് സ്ഥിരമായി; ജനം മനസ്സിലാക്കണമെന്ന് കെഎസ്ഇബി

ഫ്യൂസ് പോകുമ്പോള്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകും. ഫീഡര്‍ പോകുമ്പോഴാകട്ടെ നിരവധി പ്രദേശങ്ങളില്‍‍ ഒന്നിച്ചാണ് വൈദ്യുതി നിലയ്ക്കുന്നത്.  

KSEB with a request not to disrupt the functioning of the section offices
Author
First Published Apr 16, 2024, 9:36 AM IST

തിരുവനന്തപുരം: സെക്ഷന്‍‍ ഓഫീസുകളുടെ പ്രവര്‍‍ത്തനം തടസ്സപ്പെടുത്തരുതെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോര്‍‍ഡ് വര്‍‍ധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകള്‍‍ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എ.സിയുടെ ഉപയോഗം വര്‍‍ധിക്കുന്ന സമയത്താണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരുമായി സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. 

ഫ്യൂസ് പോകുമ്പോള്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകും. ഫീഡര്‍ പോകുമ്പോഴാകട്ടെ നിരവധി പ്രദേശങ്ങളില്‍‍ ഒന്നിച്ചാണ് വൈദ്യുതി നിലയ്ക്കുന്നത്.  വൈദ്യുതി ഇല്ലാതായത് അറിയുന്ന നിമിഷം തന്നെ അത് പുന:സ്ഥാപിക്കാനായി കെഎസ്ഇബി ജീവനക്കാര്‍ ഒരുക്കം നടത്തുകയും പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തകരാറ് പരിശോധിച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. 

പല കാരണങ്ങളാല്‍ വൈദ്യുതി തകരാര്‍ സംഭവിക്കാം. തകരാര്‍ കണ്ടെത്തി മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. പലപ്പോഴും അപകടകരമായ കാരണങ്ങൾ കൊണ്ടാണ് വൈദ്യുതി നിലയ്ക്കുന്നത്. അത് കണ്ടെത്തി പരിഹരിച്ച ശേഷമാണ് വൈദ്യുതി വിതരണം നടത്തുന്നത്. രാത്രി സമയത്ത് കെഎസ്ഇബിയുടെ മിക്ക ഓഫീസുകളിലും രണ്ടോ മൂന്നോ ജീവനക്കാര്‍‍ മാത്രമേ ജോലിയ്ക്ക് ഉണ്ടാവാറുള്ളൂ. ചിലയിടങ്ങളില്‍‍‍ ജനങ്ങള്‍‍‍ സെക്ഷന്‍‍‍ ഓഫീസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നതായും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍‍ ശ്രമിക്കുകയുമാണ്. ഔദ്യോഗിക കൃത്യനിര്‍‍വ്വഹണത്തില്‍ ഏര്‍‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍‍‍‍ക്കെതിരെ അതിക്രമങ്ങള്‍‍‍ നടത്തരുത്. -കെഎസ്ഇബി അറിയിച്ചു. 

വൈദ്യുതി നിലയ്ക്കുമ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് മനസ്സിലാകും. പക്ഷെ ഞങ്ങള്‍‍ക്കുള്ള പരിമിതികള്‍ ജനം മനസ്സിലാക്കണം. ജീവനക്കാരെ ആക്രമിക്കുന്നത് വൈദ്യുതി പുന:സ്ഥാപിക്കുന്നത് വൈകാൻ കാരണമാകും. സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കള്‍‍‍ സഹകരിക്കണമെന്ന് അഭ്യര്‍‍ത്ഥിക്കുന്നുവെന്നും സെക്ഷന്‍‍ ഓഫീസില്‍ വിളിക്കുമ്പോള്‍ കിട്ടാതെ വന്നാല്‍ 9496001912-ല്‍‍ വാട്സ്ആപ് സന്ദേശം അയക്കാമെന്നും കെഎസ്ഇബി പറയുന്നു. 

കുട്ടികളുടെ സുരക്ഷയ്ക്ക് പുല്ലുവില? സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios