തിരുവനന്തപുരം: കെഎസ്എഫ്ഇ മിന്നല്‍ പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാറിന് വിജിലന്‍സ് ഉടന്‍ കൈമാറില്ല. വിജിലന്‍സ് ഡയറക്ടര്‍ അവധി കഴിഞ്ഞ് ഏഴിന് മടങ്ങിയെത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. അതേസമയം ധനമന്ത്രി അടക്കമുള്ളവരുടെ വിമര്‍ശനത്തിലും കണ്ടെത്തിയ ക്രമക്കേട് മറികടക്കാന്‍ ധനവകുപ്പ് അന്വേഷണം നടത്തുന്നതിലും വിജിലന്‍സില്‍ അതൃപ്തിയുണ്ട്.

 കെഎസ്എഫ്ഇയില്‍ നടത്തിയ മിന്നല്‍ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ ഓരോ എസ്പിമാരും ഡയറക്ടര്‍ക്ക് കൈമാറും. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സഹിതം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണ്. 36 ശാഖകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തലുകള്‍ എസ്പിമാര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ കൈമാറും.

ഈ റിപ്പോര്‍ട്ടുകളാണ് ഡയറേക്ടില്‍ എത്തുന്നത്. വിമര്‍ശനം ഉയര്‍ന്നസാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടി മറയാക്കി എന്നതടക്കമുള്ള കണ്ടെത്തലുകള്‍ അന്തിമറിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയേക്കും. അതേസമയം വിജിലന്‍സ് പരിശോധനയിലെ കണ്ടെത്തലുകള്‍ മാത്രമല്ല വിവരം മാധ്യമങ്ങള്‍ക്ക് കിട്ടിയതിലും ധനമന്ത്രി അതൃപ്തനാണ്. പരിശോധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെകുറിച്ചും തോമസ് ഐസക് അന്വേഷണം ആവശ്യപ്പെടും. വിജിലന്‍സ് കണ്ടത്തലുകളെ തള്ളുന്നതാകും ധനവകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. 

വിജിലന്‍സ് വാര്‍ത്താകുറിപ്പ് ഇറക്കാത്തതിനാല്‍ മാധ്യമങ്ങളില്‍ വന്ന വിജിലന്‍സ് കണ്ടെത്തലുകളെ എളുപ്പത്തില്‍ മറികടക്കാമെന്നാണ് ധനവകുപ്പ് കണക്ക് കൂട്ടല്‍. അതേ സമയം ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തും വിധമുള്ള ധനമന്ത്രിയുടേയും സിപിഎം നേതാക്കളുടെയും വിമര്‍ശനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷമുണ്ട്.