പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കും മിനി സ്‌റ്റീരിയിൽ സ്റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (KSRTC) സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 'ഫര്‍ലോ ലീവ്' പദ്ധതി കൂടുതൽ ജീവനക്കാരിലേക്ക്. പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കും മിനി സ്‌റ്റീരിയിൽ സ്റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്. അവധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് 40 ആക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കണ്ടക്ടർ, മെക്കാനിക്ക് വിഭാഗത്തിന് മാത്രമാണ് ഫർലോ ലീവ് അനുവദിച്ചിരുന്നത്. അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.

ദീര്‍ഘകാല അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കുന്നതാണ് പദ്ധതി. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ് ബാധിക്കില്ല. ഈ വർഷം കൊണ്ടുവന്ന 'ഫര്‍ലോ ലീവ്' പദ്ധതിയിൽ ഇതുവരെ കണ്ടക്ടർ, മെക്കാനിക്ക് തത്സ്തികയിലുള്ളവരെ മാത്രമാണ് പരിഗണിച്ചിരുന്നത്. എന്നാൽ നാമമാത്രം ജീവനക്കാരാണ് പാതി ശമ്പളം പറ്റി ദീർഘ കാല അവധിയിൽ പ്രവേശിച്ചത്. ഈ സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ പദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ മാനേജ്മെന്റ് തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ഫർലോ അവധിക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 45ൽ നിന്ന് 40 ആക്കി കുറച്ചു. ഒപ്പം പദ്ധതിയിലേക്ക് മിനിസ്റ്റീരിയൽ ജീവനക്കാരേയും ഹയർ ഡിനിഷൻ ഓഫീസർമാരെയും കൂടി ഉൾപ്പെടുത്തി.

കമ്പൂട്ടർ വത്കരണവും ഇ-ഓഫീസ് സംവിധാനവും കാര്യക്ഷമാകുന്നതോടെ ഈ വിഭാഗത്തിലും ജീവനക്കാർ അധികമാവുമെന്നത് കൂടി മുന്നിൽ കണ്ടാണ് തീരുമാനം. കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്മെന്‍റും ചേര്‍ന്ന് ഒപ്പുവച്ച ദീര്‍ഘകാല കരാറിലെ വ്യവസ്ഥയുസരിച്ചാണ് ഈ വർഷം ആദ്യം ഫര്‍ലോ ലീവ് പദ്ധതി കൊണ്ടുവന്നത്. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ് ബാധിക്കില്ല. ലേ ഓഫിന്‍റെ പരിഷ്കരിച്ച രൂപമായ ഫര്‍ലോ ലീവ്, ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് നടപ്പിലാക്കിയതിൽ നേരത്തേ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. 

അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത്. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ ജീവനക്കാരെ ദീര്‍ഘകാല അവധിയെടുപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ്.