Asianet News MalayalamAsianet News Malayalam

'വിചിത്ര മോഷണം'; കെഎസ്ആർടിസിബസ് കാണാനില്ല, പരാതിയുമായി ഡിപ്പോ അധികൃതർ

ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്

KSRTC bus stolen from Kottarakkara
Author
Kottarakkara, First Published Feb 8, 2021, 12:02 PM IST

കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് മോഷണം പോയത്. കെഎൽ 15, 7508 നമ്പർ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകി.

ഇന്നലെ രാത്രി ഗാരേജിൽ സർവീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലർച്ചെ 12.30 യോടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെ ചെന്നപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഡ്രൈവർ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയിൽ, ഡിപ്പോയിൽ നിന്ന് പോയ മുഴുവൻ ഡ്രൈവർമാരെയും ബന്ധപ്പെട്ടു. എന്നാൽ ആരുടെ പക്കലും വണ്ടി ഉണ്ടായിരുന്നില്ല.

റോഡരികിൽ നിർത്തിയിട്ടിരുന്ന വണ്ടി ആരെങ്കിലും എടുത്തുകൊണ്ട് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസു. കെഎസ്ആർടിസി ബസായതിനാൽ അധിക ദൂരമൊന്നും പോകാനാവില്ലെന്ന പ്രതീക്ഷയിലാണ് പൊലീസ്. എവിടെയെങ്കിലും ഉപേക്ഷിക്കാനാണ് സാധ്യതയെന്നും പൊലീസ് കരുതുന്നുണ്ട്. കൊട്ടാരക്കര പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

ദിവസങ്ങൾക്ക് മുൻപ് കൊല്ലത്തും ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിർത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരൻ എടുത്തുകൊണ്ടുപോവുകയായിരുന്നു. വിചിത്രമായ മോഷണം തന്നെയാണ് കൊട്ടാരക്കരയിലും സംഭവിച്ചിരിക്കുന്നത്. ആര്, എങ്ങിനെ, എന്തിന് ബസ് മോഷ്ടിച്ചുവെന്ന് കണ്ടെത്താൻ പൊലീസ് പരക്കം പായുകയാണ്.

Follow Us:
Download App:
  • android
  • ios