കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ രാവിലെ പത്തരയ്ക്കാണ് സമരം ആരംഭിക്കുക

തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ രാവിലെ പത്തരയ്ക്കാണ് സമരം ആരംഭിക്കുക. ഈ പ്രതിഷേധത്തിന് ശേഷം തുടർ സമരങ്ങളും ആസൂത്രണം ചെയ്യും. അതേസമയം ബിജെപി അനുകൂല ബിഎംഎസിന്‍റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പട്ടിണി സമരവും ഇന്ന് നടത്തും. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നിലാണ് പ്രതിഷേധം. മാര്‍ച്ച് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചത്. വിഷുവിന് മുമ്പായി രണ്ടാം ഗഡു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മാനേജ്മെന്റ് ശമ്പളം നല്‍കിയില്ല. ഇതാണ് സംയുക്ത പ്രതിഷേധത്തിലേക്ക് നീങ്ങാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത്. എന്നാൽ സർവീസ് മുടക്കിയുള്ള പണിമുടക്കിന് തൊഴിലാളികൾ തയ്യാറായിട്ടില്ല. 

YouTube video player