മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് ട്രിപ്പ് മുടക്കുന്നതെന്ന് ഇയാള്‍ കളിയാക്കികൊണ്ട് ഫോണില്‍ മറുപടി നല്‍കുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

വയനാട്: വയനാട് ബത്തേരിയില്‍ കെഎസ്ആർടിസി ബസ് ട്രിപ്പ് മുടക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരനോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ബത്തേരി ഡിപ്പോയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടർ എം.കെ. രവീന്ദ്രനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് ട്രിപ്പ് മുടക്കുന്നതെന്ന് ഇയാള്‍ കളിയാക്കികൊണ്ട് ഫോണില്‍ മറുപടി നല്‍കുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ബത്തേരി കെഎസ്ആർടിസി ഡിപ്പോയില്‍നിന്നും ചീരാല്‍ കൊഴുവണ ഭാഗത്തേക്കുള്ള ബസുകള്‍ ട്രിപ്പ് മുടക്കുന്നതിന്‍റെ കാരണമന്വേഷിക്കാന്‍ അധികൃതരെ വിളിച്ചപ്പോള്‍ യാത്രക്കാരന് ലഭിച്ച മറുപടിയാണ് വിവാദമായത്. ഫോൺ വിളിച്ച നാട്ടുകാരൻ ഉദ്യോഗസ്ഥന്‍റെ മറുപടി അപ്പാടെ റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കുകയായിരുന്നു.

ഫേസ്ബുക്കിലടക്കം സംഭവം ചർച്ചാവിഷയമായതോടെ കെഎസ്ആർടിസി അധികൃതരുടെ ശ്രദ്ദയില്‍പെട്ടു. സംഭവത്തില്‍ ഇടപെട്ടു. ഇന്നലെ രാത്രിതന്നെ സസ്പെന്‍റ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് ഉദ്യോഗസ്ഥന് ലഭിക്കുകയും ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. വരും ദിവസം തന്നെ ഉന്നത ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായി ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണം. ബത്തരി ഡിപ്പോ കണ്ട്രോളിംഗ് ഇന്‍സ്പക്ടറായ എം.കെ. രവീന്ദ്രന്‍ വയനാട് സ്വദേശിയാണ്.