ഇതിൽ 30000 രൂപ ശ്രീമൂലം ക്ലബ്ബിൽ വെച്ച്  വാങ്ങുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 

തിരുവനന്തപുരം: പരസ്യബില്ല് മാറാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ വിജിലൻസ് പിടിയിൽ. അറസ്റ്റിലായത് ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാർ. ഇതിൽ 30000 രൂപ ശ്രീമൂലം ക്ലബ്ബിൽ വെച്ച് വാങ്ങുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 60000 രൂപ ഉദയകുമാറിന് കരാറുകാരൻ നേരത്തെ നൽകിയിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആർടിസി ഡിജിഎം വിജിലൻസ് പിടിയിൽ| Vigilance| Arrest

ഇടുക്കിയില്‍ നിന്നും കൈക്കൂലി സംബന്ധിച്ച മറ്റൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു. തൊടുപുഴ തഹസില്‍ദാറായിരിക്കെ കൈക്കൂലി കേസില്‍ അറസ്റ്റിലായ ജോയ് കുര്യാക്കോസിന് നാല് വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസ് വിചാരണ നടത്തിയ മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജോയ് കുര്യാക്കോസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷ വിധിച്ചത്. പുതിയതായി വീടു വെച്ച ഒരാളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.

2013 ഒക്ടോബര്‍ 15 മുതല്‍ തൊടുപുഴ തഹസില്‍ദാറായിരുന്ന ജോയ് കുര്യാക്കോസിനെിരെ പാറപ്പുഴ സ്വദേശിയായ ഒരു വീട്ടുടമയാണ് പരാതി നല്‍കിയത്. തന്റെ വീടിന്റെ ലക്ഷ്വറി ടാക്സ് ഒഴിവാക്കാന്‍ തഹസില്‍ദാര്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് അദ്ദേഹം വിജിലന്‍സിനെ അറിയിച്ചു. പണം വാങ്ങിയ സമയത്ത് ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈഎസ്‍പി രതീഷ് കൃഷ്ണനും സംഘവും തഹസില്‍ദാറെ കൈയോടെ പിടികൂടുകയായിരുന്നു. 

കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കി ഇടുക്കിയിലെ വിജിലന്‍സ് മുന്‍ ഡിവൈഎസ്‍പി ആന്റണി ടി.എ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശനിയാഴ്ച ശിക്ഷ വിധിക്കുകയായിരുന്നു. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എ സരിതയാണ് ഹാജരായത്. 

പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ ലഭിച്ചാല്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064ലോ 8592900900 എന്ന നമ്പറിലോ അല്ലെങ്കില്‍ 94477789100 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കാം.