ബുധനാഴ്ചയോടെ ബാങ്ക് ഡ്രാഫ്റ്റെടുത്ത് ശമ്പള വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയിസ് അസോസിയേഷൻ ചീഫ് ഓഫിസിന് മുന്നിൽ സത്യാഗ്രഹ സമരം തുടരുകയാണ്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (ksrtc) ഒരു വിഭാഗം ജീവനക്കാർക്ക് ഇന്ന് ശമ്പളം കൊടുത്തേക്കും. സർക്കാർ സഹായമായ 30 കോടിയും കെഎസ്ആർടിസിയുടെ പക്കലുള്ള ഫണ്ടും ഇതിനായി വിനിയോഗിക്കും. ബുധനാഴ്ചയോടെ ബാങ്ക് ഡ്രാഫ്റ്റെടുത്ത് ശമ്പള വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയിസ് അസോസിയേഷൻ ചീഫ് ഓഫിസിന് മുന്നിൽ സത്യാഗ്രഹ സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. 

YouTube video player

അതേസമയം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ വൈദുതി ഭവന് മുന്നിലുള്ള അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്നും തുടരും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പാലക്കാട്ടായതിനാൽ ഇന്ന് സമവായ നീക്കം ഉണ്ടാകില്ല. സസ്പെൻഷൻ പിൻവലിച്ചെങ്കിലും നേതാക്കളെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. നാളെ വൈദ്യുതി ഭവൻ ഉപരോധിക്കും. ഒരു ജീവനക്കാരനെ പോലും അകത്ത് കടക്കാൻ അനുവദിക്കില്ല. ചെയർമാന്‍റെ ഏകാധിപത്യ നടപടി അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നും ഓഫിസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

YouTube video player

ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്‍റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ജീവനക്കാരുടെ സെക്രട്ടേറിയറ്റ് സമരവും ഇന്ന് മുതൽ ആരംഭിക്കും. ശമ്പള കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി ഒരു വർഷം കഴിഞ്ഞിട്ടും പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നതാണ് സംഘടനകളെ ചൊടിപ്പിച്ചത്. കൂടുതൽ മേഖല ഓഫീസുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും സംഘടനകൾ എതിർപ്പറിയിച്ചിട്ടുണ്ട്. കെഎസ്ഇബിക്കും, കെഎസ്ആർടിസിക്കും പിന്നാലെ വാട്ടർ അതോറിറ്റി ജീവനക്കാർ കൂടി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും.

YouTube video player