ഗുരുവായൂർ: കെഎസ്ആർടിസി കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറായ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായി ഗുരുവായൂർ ഡിപ്പോ അടച്ചു. ഇതോടെ ഇവിടെ നിന്നുള്ള ഏഴ് സർവ്വീസുകളും മുടങ്ങി. അണുനശീകരണം നടത്തിയ ശേഷമേ ഇനി ഡിപ്പോ തുറക്കൂ. ഗുരുവായൂർ - കാഞ്ഞാണി റൂട്ടിലോടുന്ന ബസിലാണ് കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടർ ജോലി ചെയ്തത് എന്നാണ് വിവരം. 

ജൂൺ 25-ാം തീയതി ഈ ബസിൽ യാത്ര ചെയ്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോ​ഗ്യവകുപ്പ് അധികൃത‍ർ അറിയിച്ചു. കണ്ടക്ടട‍‍ർക്ക് എവിടെ നിന്നാണ് കൊവിഡ് പക‍ർന്നതെന്ന് വ്യക്തമല്ല. സെൻ്റിനൽസ് സർവ്വേയുടെ ഭാഗമായി നടത്തിയ റാൻഡം ടെസ്റ്റിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.