ഇന്ധനവിലയിലുണ്ടായ വൻ വ‍ർധനയാണ്  പ്രതിസന്ധി വഷളാക്കിയതെന്നാണ് ​ഗത​ഗാതമന്ത്രി പറയുന്നത്.  നിലവിലെ പ്രതിസന്ധിയിൽ ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. 

തിരുവനന്തപുരം: കെഎസ്ആ‍ർടിസി പ്രതിസന്ധി ഇനിയും തുട‍ർന്നാൽ ജീവനക്കാരെ എങ്ങനെ നിലനി‍ർത്തുമെന്നതിൽ ആശങ്കയുണ്ടെന്ന് ​ഗതാ​ഗതമന്ത്രി ആൻ്റണി രാജു. നിലവിലെ സാഹചര്യം തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ധനവിലയിലുണ്ടായ വൻ വ‍ർധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് ​ഗത​ഗാതമന്ത്രി പറയുന്നത്. നിലവിലെ പ്രതിസന്ധിയിൽ ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെൻഷൻ, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുട‍ർന്നാൽ ഒരു വിഭാ​ഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ​ഗതാ​ഗതമന്ത്രി തുറന്നു പറയുന്നു. 

കെഎസ്ആർടി പ്രതിസന്ധി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരുന്നുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ കെഎസ്ആ‍ർടിസിയുടെ പതനത്തിന് കാരണമായത് സർക്കാരിൻ്റെ തെറ്റായ നയങ്ങളാണെന്ന് കെഎസ്ആ‍ർടിസിയിലെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി. 

അതേസമയം പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്ആർടിസിക്ക് വന്നു ചേരുമെന്നും ആൻ്റണി രാജു പറഞ്ഞു.