സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ സംരഭമായ കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ബസിടിച്ചാണ് അപകടമുണ്ടായത്. താമരശേരി ചുരത്തിലെ ആറാം വളവിൽ ഇന്നലെ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.
കുന്നംകുളം അപകടം: പരസ്വാമിയുടെ കൈയ്യിലെ വടി വാനിൽ തട്ടിയതാണ് കാരണമെന്ന് ഡ്രൈവർ
കുന്നംകുളത്ത് വഴി യാത്രക്കാരൻ പിക്ക് അപ്പ് വാനും കെ സ്വിഫ്റ്റ് ബസും ഇടിച്ച് മരിച്ച സംഭവത്തിന് കാരണം, യാത്രക്കാരന്റെ കൈയ്യിലുണ്ടായിരുന്ന വടി വാനിൽ തട്ടിയതാണെന്ന് പിക്ക് അപ്പ് വാന്റെ ഡ്രൈവർ മൊഴി നൽകി. അപകടത്തിൽ മരിച്ച പരസ്വാമി റോഡിലേക്ക് വീണപ്പോൾ പിക്ക് അപ് വാൻ നിർത്തി. പരസ്വാമിയുടെ അടുത്ത് ചെല്ലുമ്പോഴേക്കും കെ സ്വിഫ്റ്റ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അമിത വേഗത്തിലാണ് കെ സ്വിഫ്റ്റ് എത്തിയതെന്നുമാണ് ഇയാൾ നൽകുന്ന മൊഴി.
അപകടവുമായി ബന്ധപ്പെട്ട് ബസിന്റെ ഡ്രൈവർ വിനോദിനെയും പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബസ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ബസ് നിർത്താതെ പോയത് അതിനാലാണെന്നും ഡ്രൈവർ വിശദീകരിക്കുന്നു.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെ സ്വിഫ്റ്റ് ബസ്. കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30 തിനാണ് അപകടമുണ്ടായത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരസ്വാമിയെ, അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചത്.
പിന്നീട് പൊലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ബസ് ഇടിക്കുന്നതിന് മുമ്പ് മറ്റൊരു പിക്കപ്പ് വാൻ പരസ്വാമിയെ ഇടിച്ചതായി വ്യക്തമായി. ഈ അപകടത്തിൽ റോഡിലേക്ക് വീണ പരസ്വാമിയുടെ കാലുകളിലൂടെ തൊട്ടു പിറകെയെത്തിയ സ്വിഫ്റ്റ് ബസിൻറെ പിറകിലെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ബസിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇത് അപകടം നടന്ന വിവരം അറിയാതിരുന്നതിനാലാണെന്ന് ഡ്രൈവർ വിശദീകരിക്കുന്നു. അപടകമുണ്ടാക്കിയ പിക്കപ്പ് വാൻ തൃശൂര്‍ വെള്ളറക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാനും സ്വിഫ്റ്റും അമിതവേഗത്തിലാണ് പോയിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ നൽകിയ വിവരം. പരസ്വാമിയുടെ മരണത്തിന് ഇരുവാഹനങ്ങളും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കുന്നംകുളം അപകടം: കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്; അറസ്റ്റ് രേഖപ്പെടുത്തി
