മകൾ രേഷ്മയെ ആക്രമണത്തിനിടെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല. യൂണിയൻ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. കയ്യേറ്റം ചെയ്യൽ , സംഘം ചേർന്ന് ആക്രമിക്കൽ , ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആമച്ചാൽ സ്വദേശി പ്രേമ നനാണ് മർദ്ദനമേറ്റത്. മകൾ രേഷ്മയെ ആക്രമണത്തിനിടെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല. യൂണിയൻ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നാണ് ഇരുവരുടേയും ആവശ്യം . നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിൽസയിലാണ് പ്രേമനൻ.

പരീക്ഷ കഴിഞ്ഞു, കെഎസ്ആ‌ർടിസിയിൽ അടിയേറ്റ് ആശുപത്രിയിലായ പപ്പയെ കാണാൻ മകളെത്തി; 'നന്നായി എഴുതാൻ പറ്റിയില്ല'

അതേസമയം അക്രമമേറ്റ് ആശുപത്രിയിലായ അച്ഛനെ കാണാൻ പരീക്ഷ കഴിഞ്ഞയുടനെ മകൾ എത്തുകയും സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്കൊപ്പം കൺസഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനെ ജീവനക്കാർ കൂട്ടം ചേർന്ന് തല്ലി ചതയ്ക്കുന്നത് കണ്ടതിന്‍റെ ഷോക്കിലാണ് ഉച്ചയ്ക്ക് ബിരുദ പരീക്ഷ എഴുതാൻ പോയതെന്ന് മകൾ വ്യക്തമാക്കി.

കേണപേക്ഷിക്കാൻ ഒരുങ്ങുമ്പോഴും അവ‍ർ തല്ലുകയായിരുന്നുവെന്നും തന്നെയും തല്ലിയേനെയെന്നും അടിയേറ്റ പ്രേമനന് ഒപ്പമുണ്ടായിരുന്ന മകൾ ആശുപത്രിയിലെത്തിയ ശേഷം വെളിപ്പെടുത്തി. കൺസെഷൻ എടുക്കാൻ പോയ സമയത്ത് കോഴ്സ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള എന്തോ തർക്കമാണ് ജീവനക്കാരെ ചൊടിപ്പിച്ചതെന്നും അച്ഛനെ ഒരുപാട് ഉപദ്രവിച്ചെന്നും മകൾ വാക്കുകൾ ഇടറികൊണ്ട് പറഞ്ഞു. അവ‍ർ തങ്ങളുടെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ലെന്നും തന്നെയും പിടിച്ചുതള്ളിയെന്നും ഉന്തുകയും തള്ളുകയും ചെയ്തെന്നും മകൾ വിവരിച്ചു. പപ്പയെ നന്നായി തല്ലിയെന്നും വയ്യാണ്ടായപ്പോൾ ആരോ പറഞ്ഞിട്ടാ അടി നിർത്തിയതെന്നും പെൺകുട്ടി വ്യക്തമാക്കി. അച്ഛനെ മർദ്ദിചത് കണ്ട ശേഷം നേരെ ചൊച്ചെ പരീക്ഷ പോലും എഴുതാനായില്ലെന്നും ആശുപത്രിയിൽ വച്ച് കുട്ടി വിവരിച്ചു. പരീക്ഷ എഴുതിയതിന് ശേഷം കാട്ടാക്കട ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്.