സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യത വ്യക്തമാക്കുന്ന ധവളപത്രത്തിൽ കെഎസ്ആർടിസിക്കും വാട്ടർ അതോറിറ്റിക്കും റെഡ് സിഗ്നൽ. കെഎസ്ആർടിസി സർക്കാരിന് വലിയ സാമ്പത്തിക ഭാരമാണെന്നും വാട്ടർ അതോറിറ്റിയും ബാധ്യത ഉണ്ടാക്കുന്നതായും ധവളപത്രത്തിൽ പറയുന്നു. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം. മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ്‌സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം നേരിടുന്നതായും ധവളപത്രത്തിൽ വ്യക്തമാക്കി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നുവെന്നാണ് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനമാണെന്നും ധവളപത്രത്തിൽ പറയുന്നു. ശമ്പളം, പെൻഷൻ, പലിശ എന്നിവ നൽകാനായി മാത്രം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനത്തിലധികം ചെലവാകുമ്പോൾ ബാക്കി തുക മാത്രമേ വികസന കാര്യങ്ങൾക്കായി ലഭിക്കുന്നുള്ളൂ എന്നും ധവളപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2026 മാർച്ച് 31ലെ കണക്കനുസരിച്ച് പുതിയ സർക്കാരിന് മേൽ വലിയൊരു തുക കുടിശ്ശികയായി നിലനിൽക്കുന്നുവെന്ന് ധവളപത്രത്തിൽ പറയുന്നു. ജീവനക്കാരുടെ ഡിഎ ഇനത്തിൽ 21,670 കോടി രൂപയും പെൻഷൻകാരുടെ ഡിആർ ഇനത്തിൽ 14,387 കോടി രൂപയും കുടിശ്ശികയാണ്.

കരാറുകാരുടെ ബില്ലുകൾ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉൾപ്പെടെ ആകെ 48,733 കോടി രൂപയുടെ കുടിശ്ശിക സംസ്ഥാനത്തിനുണ്ട്. ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണമായും സർക്കാരിന്റെ മേലാകുമെന്നും ധവളപത്രത്തിൽ പറയുന്നു.

കെഎസ്ആർടിസി, കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങളിൽ ഉൽപ്പാദന അധിഷ്ഠിത സബ്‌സിഡിക്ക് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് സബ്‌സിഡി നൽകണമെന്നാണ് ധവളപത്രത്തിൽ ശുപാർശ ചെയ്യുന്നു. കൂടാതെ, കിഫ്ബിയുടെ വായ്പകൾ ഇനി അനുവദിക്കരുതെന്നും വരും വർഷങ്ങളിൽ കിഫ്ബിയെ പൂർണമായും ബജറ്റ് നിയന്ത്രണത്തിലാക്കണമെന്നും ശുപാർശയുണ്ട്. ബെവറേജസ് കോർപറേഷനും സപ്ലൈകോയും ഒന്നിപ്പിച്ചു ഒറ്റ കോർപറേഷനാക്കിയാൽ നികുതി ബാധ്യത കുറയ്ക്കാനാകുമെന്നും ധവളപത്രത്തിൽ നിർദേശിക്കുന്നു. സംസ്ഥാനത്തെ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതും 10 വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടത്തുന്നതും സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ധവളപത്രത്തിൽ നിർദേശിക്കുന്നുണ്ട്.

കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് വി ഡി സതീശൻ സർക്കാർ ധവളപത്രം നിയമസഭയിൽ വെച്ചത്. കെ എം ചന്ദ്രശേഖർ അധ്യക്ഷനായ സമിതി ആണ് ധവളപത്രം തയ്യാറാക്കിയത്.