റെയിൽ റോൾസ് എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി വഴി ഭക്ഷണം സീറ്റിൽ നേരിട്ടെത്തിക്കുകയോ ബസ് സ്റ്റേഷനിലെ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങുകയോ ചെയ്യാം.
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്രയ്ക്കിടയിൽ ഇനി വിശപ്പ് പ്രശ്നമേയല്ല. ഭക്ഷണം നേരിട്ട് സീറ്റിലേക്കും ബസ് സ്റ്റേഷൻ ഔട്ട്ലെറ്റിൽ നിന്ന് പിക്കപ്പ് ചെയ്യുന്നതിനും സാധിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുങ്ങുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിയും റെയിൽ റോൾസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് യാത്രക്കാർക്കായി 10 റെയിൽറോൾസ് ഔട്ട്ലെറ്റുകൾ ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി നിർവഹിച്ചു.
കെഎസ്ആർടിസിയിലെ 1000 ഡ്രൈവർമാർക്കും 1000 കണ്ടക്ടർമാർക്കും വിദഗ്ധരായ ട്രെയിനർമാരെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം
കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആയിരം ഡ്രൈവർമാർക്കും ആയിരം കണ്ടക്ടർമാർക്കുമായി സ്ത്രീ സുരക്ഷാ അവബോധനത്തിലും ബസ്സുകളുടെ സാങ്കേതിക വശങ്ങളിലും പ്രത്യേക പരിശീലനം സംഘടിപ്പിക്കുകയാണ്. ജി.ഐ.സെഡ് (GIZ) സാങ്കേതിക സഹകരണത്തോടെ നടപ്പിലാക്കുന്ന Sustainable Urban Mobility Air Quality, Climate Action and Accessibility SUM-ACA) 'സുമാക്ക' പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനസ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടികൾ 2026 ജനുവരി 28 ന് പോലീസ് ട്രെയിനിംഗ് കോളേജിൽ ആരംഭിച്ചു.1000 ഡ്രൈവർമാർക്കും 1000 കണ്ടക്ടർമാർക്കും വിദഗ്ധരായ ട്രെയിനർമാരെ ഉൾപ്പെടുത്തി അടുത്ത ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന തരത്തിലാണ് ട്രെയിനിംഗ് ക്രമീകരിച്ചിട്ടുള്ളത്. ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർവ്വഹിച്ചു.
കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രവർത്തന ശൈലിയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും ആയതിന് ആവശ്യമായ വിദഗ്ധപരിശീലനം എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നൽകണമുമെന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ ഒരു വർഷക്കാലമായി കെഎസ്ആർടിസി ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി വിവിധ മേഖലകളിലെ പ്രഗൽഭരായ പരിശീലകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.
മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് എടപ്പാൾ IDTR ലും ഇൻസ്പെക്ടർ വിഭാഗത്തിന് പൊലീസ് ട്രെയിനിംഗ് കോളേജിലും ഡ്രൈവർമാർക്ക് KMPL വർദ്ധിപ്പിക്കുന്നതിനായി വാഹന നിർമ്മാണ കമ്പനികളുടെ സഹകരണത്തോടെ നാമക്കൽ വച്ചും കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടിയും മികച്ച സാങ്കേതിക സംവിധാനങ്ങളെ പരിചയപ്പെടുത്തുന്നതിനായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ പരിശീലനങ്ങളും കൂടാതെ എല്ലാ വിഭാഗം ജീവനക്കാർക്കും കേരള ഫയർ ഫോഴ്സുമായി സഹകരിച്ച ഫയർ ആൻഡ് സേഫ്റ്റി പരിശീലനവും ഉൾപ്പെടെ നാലായിരത്തോളം പേർക്ക് അടുത്തകാലത്തായി പരിശീലനം നൽകിയിട്ടുണ്ട്.
പരിശീലന പരിപാടികളിൽ മികവ് തെളിയിക്കുന്ന ജീവനക്കാരെ കെഎസ്ആർടിസിയുടെ മാസ്റ്റർ ട്രെയിനർമാരായി ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് പീരിയോഡിക് ട്രെയിനിങ് സമ്പ്രദായം നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും കൃത്യമായ പരിശീലനം ഉറപ്പാക്കുന്നതിനും മികച്ച തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിനും എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുള്ളതായി ചെയർമാൻ & മാനേജിങ് ഡയറക്ടർ അറിയിച്ചു.


