കെഎസ്ആര്‍ടിസിയുടെ അത്യാധുനിക ബസുകളുടെ സര്‍വീസ് സെപ്റ്റംബര്‍ ഒന്ന് മുതൽ ആരംഭിക്കുമെന്നും ഓണക്കാലത്തെ സ്പെഷ്യല്‍ സര്‍വീസിലൂടെ ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ ബസുകള്‍ യാത്രക്കാര്‍ക്കായി സെപ്റ്റംബര്‍ ഒന്ന് മുതൽ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി. കെഎസ്ആര്‍ടിസിയുടെ മുഖച്ഛായ അടിമുടി മാറുകയാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. 130 കോടി രൂപക്കാണ് ബസുകള്‍ വാങ്ങുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എയർകണ്ടീഷണൻ ബസുകളായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. ഓണക്കാലത്തെ ഈ സ്പെഷ്യൽ സര്‍വീസുകളിലൂടെ ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

പുതിയ എല്ലാ ബസ്സുകളിലും വൈഫൈ സൗകര്യമുണ്ട്. ഈ വണ്ടികളെല്ലാം സെപ്റ്റംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കും. എയർകണ്ടീഷണർ ചെയ്ത വണ്ടികൾ എല്ലാം ത്രിവർണ്ണ പതാകയുടെ നിറത്തിലായിരിക്കും. ദീർഘദൂരം പോകുന്ന വണ്ടികൾ ആകും ആദ്യം റീപ്ലേസ് ചെയ്യുന്നതെന്നും ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ആഡംബരത്തോടു കൂടിയ വണ്ടികളാണ് ഇതെന്നും ഈ വണ്ടികൾ ഓടിക്കുന്നതിനുള്ള റൂട്ടുകൾ എല്ലാം തയ്യാറാക്കിയിട്ടുണ്ടെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഓണത്തിന്‍റെ തിരക്ക് കഴിഞ്ഞാൽ എല്ലാ ഡിപ്പോകളിലേക്കും പുതിയ വണ്ടികൾ അയക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകൾ ആണ് പുതുതായി എത്തുന്നത്. കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സ്റ്റുഡന്റ് ട്രാവൽ കാർഡുകളുടെ വിതരണ ഉദ്ഘാടനവും നടക്കും. കെഎസ്ആർടിസിയുടെ പുതിയ തലമുറയിൽപ്പെട്ട ആധുനിക സൗകര്യങ്ങളോടെയുള്ള ബസ്സുകളുടെ ഉദ്ഘാടനത്തിന് പുറമെ വാഹന വിപണിയിലെ നവീന മാതൃകകൾ പരിചയപ്പെടുത്തുന്ന വാഹന എക്സ്പോ (TRANSPO 2025)യും 2025 ആഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ വെച്ച് നടക്കും. മേളയോടനുബന്ധിച്ച് നിരവധി കമ്പനികളുടെ വാഹനങ്ങൾ പ്രദർശനത്തിനെത്തും.

YouTube video player