കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം.ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം.ഡീസൽ ഇല്ലാതെ വണ്ടി മുന്നോട്ടു പോകുമോ? അതുപോലെ ശമ്പളമില്ലാതെ മനുഷ്യന് എങ്ങനെ മുന്നോട്ടു പോകാനാകമെന്നും കോടതി 

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ സര്‍ക്കാരിനും മാനേജ്മെന്‍റിനും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം എന്ന് കോടതി പറഞ്ഞു. ശമ്പളം കിട്ടാതെ എങ്ങനെ ജീവനക്കാർക്ക് ജീവിക്കാനാകും?. ഒരുപാട് ചുമതലകൾ ഉള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്?കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോ ?. കെഎസ്ആർടിസിയുടെ സമയ ക്രമത്തെ തെറ്റിക്കുന്ന രീതിയിലാണ് തൊഴിലാളികളുടെ സമരം എങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മാനേജ്മെന്‍റ് എന്ന് പറഞ്ഞാൽ വെറുതെ ഒപ്പിട്ടാൽ മാത്രം പോരാ. കെഎസ്ആർടിസി ലാഭകരമാക്കാൻ ഉള്ള തന്ത്രങ്ങൾ കൂടി വേണം.പല ഡിപ്പോയലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇപ്പോഴില്ല.എന്തുകൊണ്ടാണ് സ്വകാര്യബസുകൾ ഇവിടെ നല്ല രീതിയിൽ നിലനിൽക്കുന്നത്?. കെഎസ്ആർടിസി ഓരോ സമയത്ത് ഓരോന്ന് കാണിച്ചു കൂട്ടുകയാണ്.ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്നും കോടതി പരാമര്‍ശിച്ചു.

തൊഴിലാളി യൂണിയനുകളോട് കോടതി

നിങ്ങൾ സമരം ചെയ്താൽ സാധാരണ ജനങ്ങളെയാണ് ബാധിക്കുക.CMD യ്ക്ക് സ്വന്തം കാർ ഉണ്ട്.സർക്കാർ ഈ വിഷയം ഇത്ര ലാഘവത്തോടെ എടുക്കരുതെന്ന് കോടതി പറഞ്ഞു.ഒരു യാഡിൽ ബസ്സ് തുരുമ്പ് എടുത്താൽ അതിന് ആർക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകുമായിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല.

ഒരു കുട്ടിക്ക് ബസ്സിൽ എത്ര കാലം ഇരുന്നു പഠിക്കാൻ കഴിയും?

കെഎസ്ആർടിസി ബസുകൾ ക്ലാസ് റൂം ആക്കുന്നതിനെ .കോടതി വിമര്‍ശിച്ചു ക്ലാസ് നടത്തുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ആണ് നിങ്ങൾ നോക്കേണ്ടതെന്ന് കോടതി പരാമര്‍ശിച്ചു..കെഎസ്ആർടിസി ബസിൽ ആർക്കാണ് നിങ്ങൾ ടിക്കറ്റിന് സബ്സിഡി നൽകുന്നത്. ബസ്സുകൾ തുരുമ്പ് എടുക്കുമ്പോഴാണ് നിങ്ങൾ കൂടുതൽ ബസുകൾ വാങ്ങുന്നത്.കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിന് അവസ്ഥയെന്താണ്? സിഎംഡി മാത്രമാണ് സർക്കാർ ശമ്പളം വാങ്ങുന്നത് എന്ന് കെഎസ്ആർടിസി കേസിന്‍റ വാദത്തിനിടെ പറഞ്ഞു.

എന്നാല്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം എന്തുകൊണ്ട് ജീവനക്കാർക്ക് നൽകിയില്ലെന്ന് കോടതി ചോദിച്ചു. 30 കോടി സര്‍ക്കാരില്‍ കിട്ടിയതല്ലേ? ഡീസൽ ഇല്ലാതെ വണ്ടി മുന്നോട്ടു പോകുമോ? അതുപോലെ ശമ്പളമില്ലാതെ മനുഷ്യന് എങ്ങനെ മുന്നോട്ടു പോകാനാകും.കെഎസ്ആർടിസിയുടെ വലിയ ബാധ്യതയിൽ സർക്കാർ മറുപടി നൽകണം.

കെഎസ്ആര്‍ടിസി യുടെ ആസ്തി വിവരം വേണം എന്ന് കോടതി

ഉള്ളത് നഷ്ടത്തിൽ പോകുമ്പോൾ വരാനിരിക്കുന്ന പദ്ധതികളെ ജനം വിമർശിക്കും എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ആസ്തി വിവരം വേണം .ഡ്രൈവർ കണ്ടക്ടർ അടക്കമുള്ളവർക്ക് ശമ്പളം നൽകാതെ സൂപ്പർവൈസർ ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകരുതെന്ന് ഉത്തരവ് പാസാക്കുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.