തിങ്കളാഴ്ച മുതൽ സമരം കടുപ്പിക്കാനാണ് യൂണിയനുകളുടെ തീരുമാനം. ശമ്പള പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി കെഎസ്ആർടിസിയിലെ യൂണിയനുകളെല്ലാം അനിശ്ചിത സമരത്തിലാണ്.

തിരുവനന്തപുരം: പ്രമുഖ യൂണിയനുകൾ പണിമുടക്കിലേക്കെന്ന് സൂചന നൽകിയതോടെ കെഎസ്ആര്‍ടിസിയിൽ (KSRTC) അനുനയ നീക്കവുമായി സർക്കാർ. മെയ് മാസത്തിലെ ശമ്പള വിതരണം ഇന്ന് തന്നെ തുടങ്ങാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകി. ഈ മാസം 27 ന് ഗതാഗതമന്ത്രി തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തും. തിങ്കളാഴ്ച മുതൽ സമരം കടുപ്പിക്കാനാണ് യൂണിയനുകളുടെ തീരുമാനം. ശമ്പള പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി കെഎസ്ആർടിസിയിലെ യൂണിയനുകളെല്ലാം അനിശ്ചിത സമരത്തിലാണ്.

അടുത്തവാരം മുതൽ പണിമുടക്കിലേക്ക് നീങ്ങുമെന്ന് സിഐടിയു ഒഴികെയുള്ള യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടനകൾ യോജിച്ചുള്ള സമരത്തിന് വഴി തേടുന്നതിനിടെയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം. ബാങ്കിൽ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ഇന്ന് തന്നെ ശമ്പള വിതരണത്തിനുള്ള നടപടികൾ മാനേജ്മെന്റ് തുടങ്ങി. മെയ് മാസത്തെ ശമ്പളം ഘട്ടം ഘട്ടമായാണ് നൽകുന്നത്. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർ മാർക്കും ശ്നപളം ലഭിക്കും. നാളെ വൈകുന്നേരത്തോടെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ പണമെത്തിത്തുടങ്ങും. സർക്കാരിൽ നിന്ന് 35 കോടി രൂപ അധിക ധനസഹായം ലഭിച്ചാലേ മറ്റുള്ളവർക്ക് ശമ്പളം നൽകാനാകൂ. എന്നാൽ എല്ലാ മാസവും സമരം ചെയ്ത് ശമ്പളം വാങ്ങാനാവില്ലെന്ന നലപാടാണ് പ്രമുഖ സംഘടനകൾക്കുള്ളത്. 

കണ്ടക്ടർമാര്‍ക്കും ഡ്രൈവർമാര്‍ക്കും ശമ്പളം ഇന്നുമുതൽ, പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും: ഗതാഗത മന്ത്രി

അതേ സമയം, തിങ്കളാഴ്ച ചീഫ് ഓഫീസ് വളയുന്നതടക്കമുള്ള കടുത്ത സമരത്തിലേക്ക് പോകുമെങ്കിലും പണി മുടക്കിനില്ലെന്നാണ് സിഐടിയു അറിയിക്കുന്നത്. പ്രതിസന്ധിയിൽ നിന്ന് കരകയറാനാകുമെന്ന് നേരിയ പ്രതീക്ഷകൾ വരുന്നതിനിടെ പണിമുടക്ക് നടന്നാൽ കെഎസ്ആർടിസിക്ക് വലിയ വില നൽകേണ്ടിവരും. അതുകൊണ്ട് വരും ദിനങ്ങളിൽ സർക്കാരും ജീവനക്കാരും കൈക്കൊള്ളുന്ന നിലപാടുകൾ ഈ സ്ഥാപനത്തിന്റെ ഭാവിയെ കുറിച്ച് വ്യക്തമായ സൂചന നൽകും.