ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി കെഎസ്ആർടിസിക്ക് നൽകിയെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസിയെ ഏറ്റെടുക്കാൻ ആലോചിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൊച്ചി: ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഹർജിയില്‍ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി കെഎസ്ആർടിസിക്ക് നൽകിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസിയെ ഏറ്റെടുക്കാൻ ആലോചിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ മാസം 10 ന് മുൻപെങ്കിലും ശമ്പളം നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതി 1.45 ന് വീണ്ടും പരിഗണിക്കും. 

ആഗസ്റ്റ് മാസം പിറന്നിട്ടും കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇന്നലെ തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ ഈ മാസം പത്താം തീയതിക്ക് മുമ്പ് ശമ്പള പ്രതിസന്ധി പരിഹരിക്കുമെന്ന് എം ഡി ബിജു പ്രഭാകര്‍ ഉറപ്പ് നല്‍കിയിരുന്നു. ജൂണിലേയും ജൂലൈയിലേയും ശമ്പള കുടിശ്ശിക നീണ്ടുപോകില്ലെന്ന ഉറപ്പാണ് എംഡി നല്‍കിയത്. എന്നാല്‍, ഗതാഗത മന്ത്രി ആന്‍ണി രാജുവിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ ഉറപ്പ് നല്‍കാന്‍ തയ്യാറായില്ല. പത്താം തീയതിക്കകം ശമ്പളം നൽകാൻ ആകുമോ എന്ന് ഉറപ്പ് പറയാതിരുന്ന ഗതാഗത മന്ത്രി, തീരുമാനമെടുക്കേണ്ടത് മാനേജ്മെന്‍റാണെന്നും പറഞ്ഞു. പണം ലഭ്യമാകുന്ന മുറക്കേ ശമ്പളം നൽകാനാകൂ. ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Read Also: കെഎസ്ആര്‍ടിസി ശമ്പളവിതരണം: ഉറപ്പു പറയാതെ ഗതാഗത മന്ത്രി, തീരുമാനമെടുക്കേണ്ടത് മാനേജ്മെന്‍റെന്നും വിശദീകരണം

ശമ്പളം ഉറപ്പാക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍

ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സർക്കാർ കോടതിയില്‍ സാവകാശം തേടി. അഞ്ചാം തീയതി ശമ്പളം നൽകുന്നത് സംബന്ധിച്ച് നടപടികളെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരുമാസം കൂടി സാവകാശം വേണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കെഎസ്ആര്‍ടിസിയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫ. സുശീൽ ഖന്നയെ നിയോഗിച്ചത്. 
തൊഴിലാളികളുടെ എതിർപ്പ് മൂലം സുശീൽ ഖന്ന റിപ്പോർട്ടിലെ പല തീരുമാനങ്ങളും നടപ്പിലാക്കാൻ വൈകി. കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.