ശമ്പള പരിഷ്കരണം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ നവംബര്‍ ഒമ്പത് മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (KSRTC) ശമ്പള പരിഷ്കരണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരും. ഗതാഗത മന്ത്രി ആന്‍റണി രാജു, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പള പരിഷ്കരണം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ നവംബര്‍ ഒമ്പത് മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും. കെഎസ്ആര്‍ടിസിയിലെ ശമ്പളപരിഷ്കരണം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം എംഡി വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ ഇതിന് ശേഷം അറിയിച്ചത്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 , 6 തിയതികളിലും എംപ്ളോയീസ് സംഘ് നവംബര്‍ 5 നും പണിമുടക്കും.

ഭരാണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല.

പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും മൂന്നുമാസത്തെ കുടിശികയുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. പത്തുവര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്‍കരണ ചര്‍ച്ചകള്‍ വഴി മുട്ടി. സെപ്റ്റംബര്‍ 20 ന് ശേഷം ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല.

7500 ത്തോളം ജീവനക്കാര്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതലാണെന്ന് കെഎസ്ആര്‍ടിസി വിലയിരുത്തിയിട്ടുണ്ട്. വരുമാനത്തില്‍ നിന്ന് ശമ്പളച്ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ലേ ഓഫ് വേണ്ടി വരുമെന്ന് എംഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നയപരമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഈ നിര്‍ദ്ദേശം പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.