തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിയിട്ട് അഞ്ച് മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടാക്കിയ ജീവനക്കാര്‍ക്കെതിരെ ഉടന്‍ കടുത്ത നടപടിയില്ല. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ തൊഴിലാളി യൂണിയനുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. അന്തിമ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്ത് ബുധനാഴ്ച നടത്തിയ മിന്നല്‍ സമരം തെറ്റെന്ന് കളക്ടർ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബസ്സുകള്‍ റോഡില്‍ നിരത്തിയിട്ട് ഗതാഗത സ്തംഭനമുണ്ടാക്കിയ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും സംഭവത്തെക്കുറിച്ച് പ്രഥാമിക അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതേക്കുറിച്ച് വിലയിരുത്താനാണ് ഗതാഗതമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. 

എന്നാല്‍, ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായാല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന വെല്ലുവിളിയുമായി ഭരണാനുകൂല സംഘടനകള്‍ യോഗത്തിന് മുമ്പ് തന്നെ രംഗത്തെത്തി. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധന അടുത്തമാസം നടക്കാനിരിക്കുകയാണ്. യൂണിയനുകള്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത് ഈ സഹാചര്യത്തിലാണ്. 

Also Read: നടപടിയെടുത്താന്‍ പണിമുടക്കും, മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍

ഗതാഗത സ്തംഭനമുണ്ടാക്കിയ ബസ്സുകളിലെ ജീവനക്കാരുടെ വിശാദംശങ്ങള്‍ കെഎസ്ആര്‍ടിസിയോടും പൊലീസിനോടും ഗതാഗത വകുപ്പ് തേടിയിട്ടുണ്ട്. ഇത് കിട്ടുന്ന മുറക്ക് നോട്ടീസ് നല്‍കും. കെഎസ്ആര്‍ടിസി ഗതാഗതവകുപ്പ്, കളക്ടര്‍ എന്നിവര്‍ സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ചയോടെ ഗതാഗത സെക്രട്ടറി ഏകോപിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ കര്‍ശന നടപടി വേണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.