തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് (KSRTC Swift) വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി കൈതപൊയിലിൽ വച്ച് ഇന്ന് രാവിലെ ഏഴ് മണിക്കാണ് അപകടം. സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലും ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കുകളില്ല. തുടർച്ചയായി സ്വിഫ്റ്റ് ബസ്സുകൾ അപകടത്തിൽപ്പെടുന്നത് കെഎസ്ആർടിസിക്ക് തലവേദനയാകുകയാണ്.
'മന്ത്രി ആകാത്തത് നന്നായി, അല്ലെങ്കിൽ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെ'; തുറന്ന് പറഞ്ഞ് ഗണേഷ് കുമാർ
കൊല്ലം: മന്ത്രി ആകാത്തത് നന്നായെന്നും അല്ലെങ്കിൽ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെയെന്നും കെ ബി ഗണേഷ്കുമാർ എംഎൽഎ. ''ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെ. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുന്നതിനെല്ലാം ഉത്തരം പറയേണ്ടി വന്നേനെ. എന്‍റെ കൂടെ ദൈവമുണ്ട്. ദൈവം എന്നെ രക്ഷിച്ചു''– ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊല്ലം പത്തനാപുരം കമുകുംചേരിയിൽ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
‘മന്ത്രിയാകാത്തത് കഷ്ടമായി പോയെന്ന് എന്നോട് പലരും പറയാറുണ്ട്. മന്ത്രിയാകാത്തത് നന്നായെന്ന് പത്രം വായിച്ചാൽ മനസ്സിലാകും. ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ഈ ദുരിതം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വന്നേനെ. സ്വിഫ്റ്റ് അപകടത്തിൽ പെടുന്നതിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തതിനും ഉത്തരം പറയേണ്ടി വന്നേനെ’– ഗണേഷ് കുമാർ പറഞ്ഞു.
