Asianet News MalayalamAsianet News Malayalam

ശമ്പളമില്ല, കെഎസ്ആർടിയിലെ ഒരു വിഭാഗം ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 18 ദിവസമായി നടത്തിവന്ന സത്യഗ്രഹസമരം അവസാനിപ്പിച്ചു. തൊഴിലാളി  സംഘടനകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നാളെ  ചര്‍ച്ച നടത്തും.
 

ksrtc tdf strike from january 20
Author
Thiruvananthapuram, First Published Dec 27, 2019, 5:22 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ അടുത്തമാസം 20 മുതല്‍ അനിശ്ചികാല പണിമുടക്ക് ആരംഭിക്കും. ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 18 ദിവസമായി നടത്തിവന്ന സത്യഗ്രഹസമരം അവസാനിപ്പിച്ചു. തൊഴിലാളി  സംഘടനകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നാളെ  ചര്‍ച്ച നടത്തും.

കഴിഞ്ഞ മൂന്ന്  മാസമായി കെഎസ്ആര്‍ടിസിയില്‍ രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്‍റെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം രണ്ട് മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹ സമരത്തിലാണ്. ഇതിനു പിന്നാലയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സത്യഗ്രഹസമരം തുടങ്ങിയത്. എഐടിയുസിയുടെ  യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്.സത്യഗ്രഹ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാരോപിച്ചാണ് ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ അധിക സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗതമന്ത്രിയും  ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും.ഈ സാഹചര്യത്തിലാണ് ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്.


 

Follow Us:
Download App:
  • android
  • ios