കണക്കിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തൽ. ദിവസവരുമാനത്തിൽ നിന്ന് 1,17,535 രൂപയാണ് കാണാതായത്.

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് 1,17,535 രൂപാ കാണാതായതിൽ സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് പേര്‍ക്ക് സസ്പെൻഷൻ. സൂപ്രണ്ട് കെ സുരേഷ് കുമാര്‍, ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരനായ ടി ടി സുരേഷ് കുമാര്‍, കെ അനിൽ കുമാര്‍, ജി ഉദയകുമാര്‍, ജോസ് സൈമൺ എന്നിവര്‍ക്കെതിരെയാണ് നടപടി. ദിവസ വരുമാനത്തിൽ നിന്നാണ് പണം കാണാതായത്. പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് നാല് ദിവസം മുമ്പാണ് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയിൽ, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആൻ്റ് ക്യാഷ് ഡിപ്പാർട്ട്മെൻറിൽ നടത്തിയ പരിശോധയിൽ, പൊരുത്തക്കേട് കണ്ടെത്തി. ജീവനക്കാര്‍ ഹാജരാക്കിയ വൗച്ചറുകൾ ഡീസൽ അടിക്കാൻ നൽകിയതിന്‍റേത് അല്ലെന്ന് കണ്ടെത്തി. വൗച്ചറുകൾ സ്വീകരിച്ചതിന്‍റെ വിവരം സ്ക്രോൾ ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.

അതേസമയം ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്മെന്‍റ് കണക്ക്. വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസ് അപകടക്കേസ് പരിഗണിക്കവേയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. 

കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. പരസ്യം നീക്കണമെന്ന നിർദേശം നടപ്പിലായാൽ സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയാകും. ടിക്കറ്റിതര വരുമാനത്തിന്‍റെ നല്ലൊരു ഭാഗം ലഭിക്കുന്നത് ബസുകളില്‍ പതിക്കുന്ന പരസ്യത്തിൽ നിന്നാണ്. ഇതിന് വേണ്ടി എസ്റ്റേറ്റ് എന്ന പേരിൽ ഒരു വിഭാഗം തന്നെ കോർപ്പറേഷനിലുണ്ട്. ഒരു ബസിന് 10,500 രൂപ എന്ന നിരക്കിലാണ് പരസ്യത്തിനായി പണം ഈടാക്കുന്നത്. അങ്ങനെ മാസം ഒന്നരക്കോടി രൂപ വരെ ലഭിക്കുന്നുണ്ട്.

പുതിയ സാഹചര്യത്തിൽ പരസ്യങ്ങൾ പിൻവലിച്ചാൽ പരസ്യ ഇനത്തിൽ മുൻകൂറായി വാങ്ങിയ പണവും തിരിച്ച് കൊടുക്കേണ്ടിവരും. അങ്ങനെ ഏജൻസികൾ വഴിയും അല്ലാതെയും ആറു മാസം വരെയുള്ള മുൻകൂർ കൈപ്പറ്റിയിട്ടുണ്ട്. ഇങ്ങനെ വാങ്ങി ചെലവഴിച്ചു കഴിഞ്ഞ തുക തിരിച്ചു നൽകുന്നതും കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകും. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും കോടതി തള്ളിയിരുന്നു.