വലിയ ഡിപ്പോകള്‍ക്ക് ടാർഗറ്റ് തികയ്ക്കാന്‍ പ്രശ്നമുണ്ടാവില്ലെന്നും ഓര്‍ഡിനറി ഡിപ്പോകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക. മുഴുവൻ ശമ്പളവും കിട്ടാൻ ടാർഗറ്റ് തികയ്ക്കണം എന്ന നിർദേശത്തിലാണ് എതിർപ്പും ആശങ്കകളും. വലിയ ഡിപ്പോകള്‍ക്ക് ടാർഗറ്റ് തികയ്ക്കാന്‍ പ്രശ്നമുണ്ടാവില്ലെന്നും ഓര്‍ഡിനറി ഡിപ്പോകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക.

വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാനാണ് കെഎസ്ആര്‍ടിസി എംഡി മുന്നോട്ട് വെച്ച നിർദ്ദേശം. ഡിപ്പോ അടിസ്ഥാനത്തില്‍ ടാര്‍ഗറ്റ് നല്‍കുന്നതാണ് ആശയം. പദ്ധതി നടപ്പായാല്‍ നൂറ് ശതമാനം ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്ന ഡിപ്പോയിലെ തൊഴിലാളികള്‍ക്ക് മാത്രമാവും മുഴുവന്‍ ശമ്പളം. എന്നാല്‍ നിര്‍ദേശത്തോടുള്ള എതിര്‍പ്പ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിത്തുടങ്ങി. ആളില്ലാത്തതിന്‍റെ പ്രശ്നം നേരിടുന്ന ഓര്‍ഡിനറി ഡിപ്പോകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക.

പത്ത് രൂപ നിരക്കില്‍ ഓടുന്ന സിറ്റി സര്‍ക്കുലര്‍ ബസുകളിലും എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം. അതായത് ചെലവിന്‍റെ പകുതി മാത്രമേ ഇപ്പോള്‍ വരുമാനമായി വരുന്നോള്ളൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്. പകുതി ടാര്‍ഗറ്റ് ആണ് തികയ്ക്കുന്നതെങ്കില്‍ പകുതി ശമ്പളം മാത്രമായിരിക്കും ലഭിക്കുക. ബാക്കി ശമ്പളം ആര് തരും എന്നാണ് ജീവനക്കാരുടെ ആശങ്ക.

YouTube video player

ശമ്പളം നല്‍കാന്‍ പോലും കഴിയാതെ കെഎസ്ആര്‍ടിസി കട്ടപ്പുറത്തായതോടെയാണ് എം ഡി ബിജു പ്രഭാകറിന്‍റെ പുതിയ നിര്‍ദേശം. ഓരോ ഡിപ്പോയിലെ ബസുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും കണക്കുകൂട്ടി നല്‍കുന്നതാണ് ടാര്‍ഗറ്റ്. അത് പൂര്‍ത്തിയാക്കിയാല്‍ അഞ്ചാം തീയതിക്കുള്ളില്‍ മുഴുവന്‍ ശമ്പളം. ലക്ഷ്യത്തിന്‍റെ എത്ര ശതമാനമാണോ പൂര്‍ത്തിയാക്കുന്നത് അത്ര ശതമാനം മാത്രമാവും ശമ്പളവും ലഭിക്കുക. നൂറ് ശതമാനം ടാർഗറ്റ് തികച്ചാൽ മുഴുവൻ ശമ്പളം ലഭിക്കും. 90 ശതമാനമാണ് പൂർത്തിയായതെങ്കിൽ ശമ്പളവും 90 ശതമാനം മാത്രമായിരിക്കും. 

Also Read: കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാൻ നിർദ്ദേശം; സർക്കാർ സഹായമില്ലെങ്കിൽ നിർദ്ദേശം നടപ്പാകും

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശില്‍പശാലയിലാണ് എംഡി പുതിയ ആശയം മുന്നോട്ടുവച്ചത്. കോര്‍പറേഷന്‍റെ വരുമാനം പ്രതിമാസം 240 കോടിയാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. കെഎസ്ആര്‍ടിസിയുടെ ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെയാണ് ശമ്പളം നല്‍കാനുള്ള പുതിയ വഴികള്‍ മാനേജ്മെന്‍റ് തേടുന്നത്. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ആശയമെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.