Asianet News MalayalamAsianet News Malayalam

വടക്കഞ്ചേരി അപകടം: മരിച്ച കെഎസ്ആർടിസി യാത്രക്കാർക്ക് 10 ലക്ഷം രൂപ, ഇൻഷറൻസ് തുക വേ​ഗത്തിൽ ലഭ്യമാക്കും

അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്‍റെ കുടുംബത്തിന് കൈമാറും.

ksrtc to provide rs 10 lakh to passengers who died in  vadakkencherry accident
Author
First Published Oct 7, 2022, 7:09 PM IST

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേ​ഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യാത്രക്കാർക്കുള്ള വ്യക്തിപര അപകട സമൂഹ ഇൻഷുറൻസ് യാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ ജീവനക്കാരുടെ സാമൂഹ്യസുരക്ഷ യാത്രാ ടിക്കറ്റ് മേലുള്ള സെസ് ) ആക്ട് പദ്ധതി പ്രകാരം യാത്രക്കാർക്ക്  നൽകി വരുന്ന അപകട ഇൻഷുറൻസ് പ്രകാരമാണ് തുക നൽകുന്നത്.

ഇതിൽ നിന്നും  അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്‍റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും.  മറ്റ് മരണമടഞ്ഞ  രണ്ട്  പേരുടേയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പത്ത് ലക്ഷം നൽകും. അപകടത്തിൽ മരണമടഞ്ഞ കെഎസ്ആർടിസി യാത്രക്കാർക്ക് വേ​ഗത്തിൽ ഇൻഷ്വറൻസ് തുക ലഭ്യമാകുന്നതിന് വേണ്ടി ​ഗതാ​ഗത മന്ത്രി ആന്‍റണി രാജു നടത്തിയ ഇടപെടലിനെ തുടർന്നാണ് ഇത്രയും വേ​ഗത്തിൽ തുക ലഭ്യമാകുന്നത്.

New India Assurance Co.Ltd നിന്നാണ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്.  ഇതിനായി യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജിനൊപ്പം  ഒരു രൂപ മുതൽ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി  ഏതാണ്ട് 2 കോടിയിൽ അധികം രൂപ പ്രതിവർഷം  പ്രീമിയം നൽകിയാണ് കെഎസ്ആർടിസി മേൽ ഇൻഷുറൻസ് പദ്ധതി ബസ് ഇൻഷുറൻസിന് പുറമെ നടപ്പാക്കി വരുന്നത്. മോട്ടോർ ഇൻഷുറൻസ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇൻഷുറൻസ് നൽകുന്നത്. 

അപകടത്തിൽ പരിക്കേറ്റവർക്കും അംഗഭംഗം വന്നവർക്കും ചികിത്സാ / നഷ്ടപരിഹാരത്തിനും സെസ് ഇൻഷുറൻസിൽ വ്യവസ്ഥ ഉണ്ട്. ഇത് കെഎസ്ആർടിസി  ബസ്സിൽ യാത്ര ചെയ്ത മറ്റ് യാത്രകാർക്കും  ക്ലൈം വരുന്ന മുറക്ക് സെസ് ഇൻഷറൻസിൽ നിന്നും ലഭിക്കുന്നതാണ്.

Follow Us:
Download App:
  • android
  • ios