ബസ് ചാർജ്  വർദ്ധന കെഎസ്ആർടിസിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കാൻ ആണ് നടപടിയെന്ന് ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മെയ് ഒന്ന് മുതലാണ് പുതുക്കിയ ബസ് നിരക്ക് നിലവിൽ വരിക. 

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ദീർഘ ദൂര ബസ്സുകളുടെ നിരക്കിൽ കുറവ് വരും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർദ്ധന കെഎസ്ആർടിസിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കാൻ ആണിത്. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഇന്ന് ഇറങ്ങുമെന്നും ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മെയ് ഒന്ന് മുതലാണ് പുതുക്കിയ ബസ് നിരക്ക് നിലവിൽ വരിക. 

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകുകയായിരുന്നു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. 

വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ ഇന്ന് കമ്മീഷനെ വെക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ. 

Read Also; ഇ പിയുടെ പ്രസ്താവന ഉണ്ടയില്ലാ വെടി, ആർഎസ്പി മുന്നണിവിടാനുണ്ടായ സാഹചര്യം ആദ്യം പഠിക്കണം; വിമർശിച്ച് എ എ അസീസ്

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ വിമർശനവുമായി ആർഎസ്പി നേതാവ് എ എ അസീസ്. ആർ എസ് പിയെ തകർത്ത് സി പി എമ്മിന്റെ അടിമയാക്കി കൊണ്ടുപോകാൻ ശ്രമിക്കേണ്ട. അതിനു വെച്ച വെള്ളം ജയരാജൻ വാങ്ങി വച്ചാൽ മതിയെന്നും എ എ അസീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടു മുന്നണി വിട്ടതിനെക്കുറിച്ച് ആർഎസ്പി പുനർവിചിന്തനം നടത്തണമെന്ന് ഇ പി ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എ എ അസീസ്. 

ആർ എസ് പി പുനർവിചിന്തനം നടത്തണമെന്ന ഇപി യുടെ പ്രസ്തവന ഉണ്ടയില്ലാ വെടിയാണ് എന്നാണ് അസീസ് വിമർശിച്ചത്. ആർ എസ് പി മുന്നണി വിടാൻ ഇടയായ സാഹചര്യം ജയരാജൻ പഠിക്കട്ടെ. ആ പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം ഉണ്ടാക്കട്ടെ. അതിനു ശേഷം മതി ആർ എസ് പിയുമായി ചർച്ചയെന്നും എ എ അസീസ് പറഞ്ഞു. 

'ആർഎസ്‍പി പുനർചിന്തനം നടത്തണം. യുഡിഎഫിൽ എത്തിയ ആർഎസ്പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാർട്ടി ഈ നിലയിലെത്താൻ കാരണം. അവർ പുനപരിശോധന നടത്തിയാൽ നല്ലത്' എന്നായിരുന്നു ഇ പി ജയരാജൻ പറഞ്ഞത്.