കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. ഡ്രൈവര്‍ക്ക് പിന്നിൽ യു‍ഡിഎഫ് യൂണിയൻ ആണെന്ന് കെബി മന്ത്രി ഗണേഷ്‍കുമാര്‍ ആരോപിച്ചു.

കൊല്ലം: കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. ഡ്രൈവര്‍ക്ക് പിന്നിൽ യു‍ഡിഎഫ് ആണെന്ന് കെബി ഗണേഷ്‍കുമാര്‍ ആരോപിച്ചു. നടപടി നേരിട്ട ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനാണെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും മന്ത്രി ഗണേഷ്‍കുമാര്‍ പറഞ്ഞു.

കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയ ഗതാഗത വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്നാണ് ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത്. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന്‍റെ നടപടി. ഹർജിക്കാരനെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നൽകി. തുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവർ ജയ്മോൻ ജോസഫിന്‍റെ ആവശ്യം. ദീർഘദൂര ഡ്രൈവർക്ക് കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി. ബസിൻ്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.

YouTube video player