കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സിന് കെഎസ്ടിപിയുടെ റോഡ് നിര്‍മ്മാണത്തിനുള്ള കരാറിന് വഴിയൊരുങ്ങുന്നു. 221 കോടിയുടെ കരാര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്.

കെഎസ്ടിപിയുടെ പുനലൂര്‍ - കോന്നി റോഡ് നിര്‍മ്മാണത്തിനുള്ള കരാര്‍ നടപടികളാണ് പുരോഗമിക്കുന്നത്. ആര്‍ ഡിഎസ് പ്രോജക്ടാണ് ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. 22 കി മീ ദൈര്‍ഘ്യമുള്ള കെഎസ്ടിപി റോ‍ഡ് നിര്‍മ്മാണത്തിനായി 221 കോടിക്കാണ് കമ്പനി കരാറെടുക്കാന്‍ ഉദ്ദേശിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതിനുള്ള കെഎസ്ടിപി സ്റ്റിയറിംഗ് കമ്മറ്റി ബുധനാഴ്ച ചേരും. 

ചീഫ് സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് കരാറിന് അന്തിമ അംഗീകാരം നല്‍കുക. കെഎസ്ടിപിയുടെ കാസർകോട്- കാഞ്ഞങ്ങാട്, പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പദ്ധതികള്‍ നടപ്പാക്കിയത് ഇതേ കമ്പനിയാണ്. പാലാരിവട്ടം കേസില്‍ പ്രതിസ്ഥാനത്തുണ്ടെങ്കിലും ആര്‍ഡിഎസ് പ്രോജക്ട്സിനെ ഇതുവരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കേണ്ടി വരുമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു.

പാലാരിവട്ടം മേൽപ്പാലം നിർമ്മാണ ക്രമക്കേടിൽ കമ്പനിയുടെ എം ഡി സുമിത് ​ഗോയലിനെ അടക്കം നാല് പേരെ കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുന്‍ എജിഎം എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതു മരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ടു മുതൽ നാലുവരെ പ്രതികളാക്കിയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികളെ ഈ മാസം അഞ്ചാം തീയതി വരെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 
 
2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പെയാണ് മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചത്. പാലത്തിലെ  ടാറിളകി റോഡും  തകർന്ന നിലയിലായിരുന്നു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.