ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിരിക്കെ നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് ഷമ്മാസ് ആവശ്യപ്പെട്ടത്

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയുമായ സി പി എം നേതാവ് പി പി ദിവ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു രംഗത്ത്. കാര്‍ട്ടൻ ഇന്ത്യ അലയന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ കരാറുകൾ ചൂണ്ടികാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് പരാതി നൽകി. ദിവ്യ അഴിമതി നടത്തി ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിരിക്കെ നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.

കണ്ണൂരിൽ നിന്നുള്ള സഞ്ചീവ് സംസ്ഥാന സെക്രട്ടറി, ആലപ്പുഴയിലെ ശിവ പ്രസാദ് പ്രസിഡന്‍റ്; എസ്എഫ്ഐക്ക് പുതിയ നേതൃത്വം

കാര്‍ട്ടൻ ഇന്ത്യ അലയന്‍സ് എന്ന കമ്പനിക്ക് ജില്ലാ പഞ്ചായത്ത് കോടികളുടെ കരാര്‍ നൽകിയതും കമ്പനി ഡയറക്ടര്‍ മുഹമ്മദ് ആസിഫും ദിവ്യയുടെ ഭര്‍ത്താവ് വി പി അജിത്തും ചേര്‍ന്ന് പാലക്കയത്ത് നാലരയേക്കറോളം ഭൂമി വാങ്ങിയതും അന്വേഷിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് 49 സെന്‍റ് സ്ഥലം 2.40 കോടി രൂപയ്ക്ക് വാങ്ങിയതിലും സ്കൂളുകളിൽ കുടുംബ ശ്രീ കിയോസ്ക് നിര്‍മിച്ചതിലും അഴിമതിയുണ്ടെന്നും ഷമ്മാസ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അതേസമയം എ ഡി എം നവീൻ ബാബുവിന്‍റ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണമല്ല, സി ബി ഐ അന്വേഷണം തന്നെ വേണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷമാകും സി ബി ഐ അന്വേഷണം വേണോ എന്ന കാര്യത്തിൽ ഹൈക്കോടതി വിധി പുറപ്പെടുവിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം