തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്‍റ്  കെ എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കെഎസ്‍യു നാളെ (വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.

പിഎസ്‍സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്‍സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്‍യു നിരാഹാര സമരം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള സ്കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി കെഎസ്‍യു നേതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പഠിപ്പ് മുടക്കല്‍ കൂടാതെ ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‍യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരവും സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. യൂണിവേഴ്‍സിറ്റി കോളേജിലെ അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് കെഎസ്‍യു സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്.