കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണതെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് അവർ എനിക്ക് നേരെ ചാടിവീണതെന്നും വീണ പറഞ്ഞു. വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് വീണ ഇക്കാര്യം പറ‍ഞ്ഞത്. കെ.എസ്.യു പ്രവർത്തകർ ആക്രമിക്കാനല്ലെങ്കിൽ എന്തിനാണ് പൊലീസ് വലയം ഭേതിച്ച് എത്തിയതെന്നും കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരെനിന്ന് ചെയ്താൽ പോരേയെന്നും മന്ത്രി ചോദിച്ചു. കഴുത്തിന് പരിക്കേറ്റ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമിക്കുകയാണ് മന്ത്രി. ഒരുകൂട്ടമാളുകൾ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താൻ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രചരിക്കുന്നത് പ്രതിഷേധക്കാർക്ക് വേണ്ടി വന്നവർ പകർത്തിയ ദൃശ്യങ്ങളാണെന്നും ആ ദൃശ്യങ്ങളിൽപോലും പ്രതിഷേധക്കാരിൽ ഒരാൾ തന്റെ അടുത്തേക്ക് വരുന്നത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പിടിവലിയിൽ തന്റെ ദേഹം നന്നായി വേദനിച്ചു. പരിയാരത്തുനിന്ന് ബന്ധുവിന്റെ സ്വകാര്യ വാഹനത്തിലാണ് എത്തിയത്. ചർദ്ദിയുണ്ടായിരുന്നതുകൊണ്ട് വഴിയിൽ ഒന്ന് രണ്ട് ബന്ധുവീടുകളിൽ വിശ്രമിച്ചു. ഇപ്പോൾ വേദനയും മുഖത്ത് നീരും തലകറക്കവും ചർദ്ദിയുമുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടുവെന്നും മന്ത്രി പറഞ്ഞു.