തൃശൂരിൽ ബിജെപി ഓഫീസിന് സമീപം കെഎസ്‍യു സ്ഥാപിച്ച ബാനറിനെ ചൊല്ലി രാഷ്ട്രീയ തർക്കം. കള്ളപ്പണ കേന്ദ്രമെന്ന് ആരോപിച്ചുള്ള ബാനറിന് മറുപടിയുമായി യുവമോർച്ച രംഗത്തെത്തി. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും ഇത്തരം നാടകങ്ങൾ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് വേണ്ടതെന്നും യുവമോർച്ച പ്രതികരിച്ചു.
തൃശൂർ: തൃശൂരിൽ കെഎസ്‍യു-യുവമോർച്ച തർക്കം. ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് കള്ളപ്പണ സ്വീകരണ വിതരണ മൊത്ത കച്ചവട കേന്ദ്രം എന്നെഴുതിയ ബാനർ കെഎസ്‍യു കെട്ടിയതോടെ യുവമോർച്ചയും രംഗത്തെത്തി. ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോകുന്ന റോഡിലാണ് കെഎസ്‌യു ഫ്ലക്സ് സ്ഥാപിച്ചത്. കെഎസ്‍യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് ഫ്ലക്സ് കെട്ടിയത്. പിന്നാലെ മറുപടിയുമായി യുവമോർച്ചയും രംഗത്തെത്തി. തൃശൂരിലെ കെഎസ്‌യുക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കരുതെന്ന് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
ബിജെപി ഓഫീസിന് മുന്നിൽ ബാനറുകൾ സ്ഥാപിച്ച് വിലകുറഞ്ഞ രാഷ്ട്രീയ നാടകം കളിക്കാനുള്ള വേദിയായി ബിജെപി ഓഫീസിനെ കാണേണ്ടെന്ന് കെഎസ്‌യുക്കാർ മനസ്സിലാക്കണമെന്നും ഇത്തരം ബാനറുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസുകളുടെ മുൻവശമാണെന്നും യുവ മോർച്ച വ്യക്തമാക്കി. വാർത്തകളിൽ ഇടം നേടാനും കെഎസ്‌യു ഇപ്പോഴും സജീവമാണെന്ന് തെളിയിക്കാനും വേണ്ടി നടത്തുന്ന ഇത്തരം പൊറാട്ട് നാടകങ്ങളിലൂടെ തൃശൂരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും യുവമോർച്ച വ്യക്തമാക്കി.
