വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‍യു നേതാവ് ബിതുൽ ബാലന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ. 'രാത്രി ഉറങ്ങിക്കിടന്ന ഞങ്ങളെ എന്തിനാണ് കൊല്ലാൻ നോക്കിയത്' എന്ന് ചോദിച്ച് ബിതുലിന്‍റെ മാതാപിതാക്കൾ പ്രതികൾക്ക് മുന്നിൽ വൈകാരികമായി പ്രതികരിച്ചു.

കോഴിക്കോട്: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‍യു നേതാവിന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകരായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ. കോഴിക്കോട് തോടന്നൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കെഎസ്‍യു ജില്ലാ സെക്രട്ടറിയായ ബിതുൽ ബാലന്‍റെ, മാതാപിതാക്കൾ പ്രതികളോട് വൈകാരികമായി പ്രതികരിച്ചത്. 'രാത്രി കിടന്നുറങ്ങിയപ്പോൾ എന്തിനാണ് മോനേ ഞങ്ങളെ കൊല്ലാൻ നോക്കിയത്. ഞങ്ങളുടെ മോനേ പോലെയല്ലേ നീ..' എന്നാണ് ബിതുൽ ബാലന്‍റെ മാതാപിതാക്കളായ തങ്കമണിയും ബാലനും പ്രതികളോട് ചോദിച്ചത്. പ്രതികളോട് ഏറെ വൈകാരികമായിട്ടാണ് ബിതുലിൻ്റെ മാതാപിതാക്കൾ പ്രതികരിച്ചത്.

തോടന്നൂർ സ്വദേശി മിഥുൻ ലാൽ, രൂപേഷ് എന്നിവരെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ മാസം 27 ന് പുലർച്ചെ രണ്ടരയോടെയാണ് കോഴിക്കോട് തിരുവള്ളൂരിലെ ബിതുൽ ബാലന്‍റെ വീടിന് നേരെ പ്രതികൾ ബോംബെറിഞ്ഞത്. തെളിവെടുപ്പിനിടെയെത്തിയ പ്രാദേശിക സിപിഎം പ്രവർത്തകർക്കെതിരെ വാക്കേറ്റവും സ്ഥലത്തുണ്ടായി. റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് അറസ്റ്റിലായിരുന്നു കെഎസ്‍യു നേതാവ് ബിതുൽ ബാലൻ.