തിരുവനന്തപുരം: കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്കേറ്റത് പരിശോധിക്കാമെന്ന് മന്ത്രി എകെ ബാലൻ. വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ‍ര്‍ക്കാര്‍ ഈ വിഷയത്തിൽ തുടരുന്ന നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍  ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

അതേസമയം കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കും. സൈബർ സെല്ലിന്‍റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്. ഇതിനിടെ ക്രമക്കേടിന്‍റെ സാധ്യതയെക്കുറിച്ച് പരീക്ഷാ കൺട്രോളർ ആവർത്തിച്ച്  മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വിവരവും പുറത്ത് വന്നു. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 16 ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കുന്നത്. 

സർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തിയെന്നാണ് സർവ്വകലാശാല കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സൈബർ വിദഗ്ദരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് സർവ്വകലാശാലയും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ടാബിലേഷൻ സോഫ്റ്റുവെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷാ കൺട്രോളറുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് തിരിമറിക്ക് സഹായമായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.