കൊച്ചിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം: കൊച്ചിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അഞ്ച് കെഎസ്‍യു പ്രവര്‍ത്തകരാണ് മന്ത്രിയുടെ വാഹനത്തിന് മുമ്പില്‍ പ്രതിഷേധിച്ചത്. ആലുവയിൽ സംസ്‌ഥാന സർക്കാർ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം എന്ന പരിപാടിയുടെ ഉദ്ഘാടനം നടത്തിയശേഷം വാഹനത്തില്‍ കയറവേയാണ് അഞ്ചു കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി മന്ത്രിയുടെ വാഹനത്തിന് മുമ്പിലേക്ക് എത്തിയത്. പൊലീസുകാരുമായി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലും ഏര്‍പ്പെട്ടു. പ്രതിഷേധമുണ്ടാക്കിയ കെഎസ്‍യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും മന്ത്രിയുടെ വാഹനം സ്ഥലത്തുനിന്നും പൊലീസ് കടത്തിവിടുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുമ്പിലും കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കെഎസ്‍യുവിന്‍റെ നാല് വനിതാ പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസിന് മുമ്പിലെത്തി പ്രതിഷേധിച്ചത്. ആറുദിവസമായി സെക്രട്ടറിയറ്റിന് മുമ്പില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായുള്ള നടപടികളൊന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹസിലേക്ക് തള്ളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് നിര്‍ബന്ധപൂര്‍വ്വം ഗേറ്റിന് പുറത്തെത്തിച്ചു.