തിരുവനന്തപുരം: സംസ്ഥാന പൊലീസിന് താക്കീതുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെയും പരീക്ഷാ ക്രമക്കേടിന്‍റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെഎസ്‍യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന്  കെ സുധാകരൻ ആരോപിച്ചു. 

കെഎസ്‍യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല. കാക്കി ഊരിയാൽ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓർക്കണം. എവിടെ വച്ചും കൈകാര്യം ചെയ്യാൻ കെഎസ്യുവിന് സാധിക്കുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാൻ പൊലീസ് തയാറാകരുതെന്നും കെ സുധാകരൻ ഓര്‍മ്മിപ്പിച്ചു. 

സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെഎസ്‍യു വ്യാപിപ്പിച്ച സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.