കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും, മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കും
മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്.

തിരുവനന്തപുരം : കെഎസ്‍യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്.
ഇന്നലെ തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വൻ സംഘർഷം ഉണ്ടായത്. പൊലീസ് പ്രവർത്തകരെ തെരഞ്ഞുപിടിച്ച് അതിക്രൂരമായി മർദ്ദിച്ചെന്നാണ് കെഎസ്‍യു ആരോപണം. പരിക്കേറ്റ രണ്ട് പ്രവർത്തകർ ആശുപത്രിയിലാണ്. കേസുമായി ബന്ധപ്പെട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അടക്കം നാല് നേതാക്കൾ റിമാൻഡിലാണ്.
പ്രതിഷേധ മാർച്ച് നടത്തിയവര്‍ക്കെതിരെ പൊലീസ് നരനായാട്ട്, നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
കുന്ദമംഗലം ഗവണ്‍മെന്‍റ് കോളേജിലെ തെരഞ്ഞെടുപ്പ്: ഇന്ന് യുഡിഎസ്എഫ് ഉപവാസ സമരം
കോഴിക്കോട് കുന്ദമംഗലം ഗവണ്‍മെന്‍റ് കോളേജിലെ തെരഞ്ഞെടുപ്പ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അട്ടിമറിച്ചെന്നാരോപിച്ച് ഇന്ന് യുഡിഎസ്എഫ് ഉപവാസ സമരം സംഘടിപ്പിക്കും. രാവിലെ പത്തു മണി മുതല്‍ കുന്ദമംഗലത്താണ് ഉപവാസം. വോട്ടെണ്ണലിനിടെ ബാലറ്റ് പേപ്പര്‍ നശിപ്പിച്ച എസ് എഫ് ഐ പ്രവർത്തകര്‍ക്ക് കോളേജ് അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണം. വോട്ടെണ്ണല്‍ 90 ശതമാനം പൂര്‍ത്തിയായിരുന്നതിനാല്‍ ലീഡ് ചെയ്തിരുന്ന കെ എസ് യു -എം എസ് എഫ് സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവും യു ഡി എസ് എഫ് മുന്നോട്ട് വെക്കുന്നുണ്ട്. ഈ വിഷയത്തില്‍ യുഡിഎസ് എഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.